തിരുവനന്തപുരം: കഴിഞ്ഞദിവസം രാത്രിയിലെ പെരുമഴയിലും ഇന്നലെ പകലിലെ വെയിലിലും ആവേശം ചോരാതെ അങ്കണവാടി ജീവനക്കാരുടെ സമരപ്പന്തൽ. മിനിമം വേതനവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ നാഷനൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപകൽ സമരം 3 ദിവസം പിന്നിട്ടു. ഇടുക്കി ജില്ലയിലെ അങ്കണവാടി പ്രവർത്തകർ പങ്കെടുത്ത സമരത്തെ അഭിസംബോധന ചെയ്ത്, കെപിസിസി ജനറൽ സെക്രട്ടറിമാരായ ജി.സുബോധൻ, തൊടുപുഴ അശോകൻ, ടി.ശരത്ചന്ദ്രപ്രസാദ്, യൂത്ത് കോൺഗ്രസ് ദേശീയ കോ ഓർഡിനേറ്റർ ഷാജി ദാസ്, എസ്.കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്ന് കൊല്ലം ചവറ പ്രോജക്ടിലെ ജീവനക്കാർ സമരത്തിനെത്തും. ഓൾ കേരള അങ്കണവാടി പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ രാപകൽ സമരം അവസാനിപ്പിച്ചു. പെൻഷൻ കുടിശികയും 2023 മുതലുള്ള ക്ഷേമനിധി വിഹിതവും വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ സമരപരിപാടികളിലേക്കുകടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് നന്ദിയോട് ജീവകുമാർ അറിയിച്ചു.