ഡൽഹി: നാഗ്പൂർ സംഘർത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത 51 പേരും മുസ്‌ലിംകൾ. പൊലീസിന്‍റേത് ഏകപക്ഷീയ നടപടിയെന്ന് തെളിയിക്കുന്ന എഫ്ഐആർ പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധം ശക്തമായി. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായിട്ട് ഒരു വിഭാഗത്തിൽപ്പെട്ടവരെ മാത്രം അറസ്റ്റ് ചെയ്തതാണ് പ്രതിഷേധത്തിന് കാരണമായത്.
തിങ്കളാഴ്ച രാത്രിയാണ് നാഗ്പൂർ സെൻട്രലിലെ മഹൽ പ്രദേശത്ത്ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർമുണ്ടായത്. ഇതിന് പിന്നാലെ പൊലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആറിലാണ് 51 പേരെ പ്രതികളാക്കിയിരിക്കുന്നത്. പ്രതി പട്ടികയിൽ ഉള്ളവരെല്ലാവരും മുസ്‌ലിംകളാണ്. കൂടാതെ കണ്ടാലറിയാവുന്ന 600 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായെന്ന് പൊലീസ് തന്നെ സമ്മതിക്കുമ്പോഴും ഒരു വിഭാഗത്തിൽപ്പെട്ടവരുടെ പേരുകൾ മാത്രം എങ്ങനെയാണ് എഫ്ഐആറിൽ വന്നതെന്ന് ചോദ്യം ഉയരുകയാണ്. പൊലീസ് നടപടി പ്രദേശത്ത് പ്രതിഷേധത്തിന് കാരണമായി. ഏകപക്ഷിയ നടപടി പൊലീസ് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടു.
അതിനിടെ മതവികാരം വ്രണപ്പെടുത്തിയ കേസിൽ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ് ദളിന്റെയും എട്ട് അംഗങ്ങൾ പൊലീസിന് മുന്നിൽ കീഴടങ്ങി. 6 എഫ്ഐആറുകളാണ് ആകെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് കലാപങ്ങൾക്ക് കാരണമായേക്കാവുന്ന ചെറിയ സംഭവങ്ങൾ പോലും ഗൗരവമായി കാണാനും മുളയിലെ നുള്ളാനും മഹാരാഷ്ട്ര ഡിജിപി രശ്മി ശുക്ല, ജില്ലാ എസ്പിമാരോട് ആവശ്യപ്പെട്ടു.