കേന്ദ്രപ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കർഷക സമരത്തിൽ പങ്കെടുക്കാനെത്തിയ നേതാക്കളെ കസ്റ്റഡിയിലെടുത്ത് പഞ്ചാബ് പൊലീസ്. സർവാൻ സിങ് പാന്ഥർ, ജഗ്ജിത് സിങ് ദല്ലേവാൾ ഉൾപ്പെടെയുള്ള നേതാക്കളെയാണ് മോഹാലിയിൽവെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. കർഷകർ സമരം ചെയ്യുന്ന ശംഭു, ഖനൗരി അതിർത്തിയിലെ പ്രതിഷേധ സ്ഥലത്തേക്ക് പോകുകയായിരുന്ന നേതാക്കളും സുരക്ഷാ സേനയുമായി തർക്കം ഉടലെടുക്കുകയും ഏറ്റുമുട്ടലിൽ കലാശിക്കുകയുമായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതിർത്തികളിൽ നിന്നും കർഷകരെ പൊലീസ് നീക്കം ചെയ്യുകയും സമരപന്തലുകൾ പൊളിച്ചുമാറ്റുകയും ചെയ്തു. ഏറെ നാളായി ശംഭു അതിർത്തിയിൽ കർഷകർ പ്രതിഷേധം നടത്തിവരികയായിരുന്നു. ഡ്യൂട്ടി മജിസ്‌ട്രേറ്റുമാരുടെ സാന്നിധ്യത്തിൽ, കൃത്യമായ മുന്നറിയിപ്പ് നൽകിയ ശേഷം പൊലീസ് പ്രദേശം ഒഴിപ്പിച്ചതായി പട്യാലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ നാനക് സിങ്ങിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കിസാൻ മസ്ദൂർ മോർച്ച (കെഎംഎം)യും, സംയുക്ത കിസാൻ മോർച്ച (നോൺ-പൊളിറ്റിക്കൽ)യും പഞ്ചാബിലെയും ഹരിയാനയിലെയും ഡെപ്യൂട്ടി കമ്മീഷണർമാരുടെ ഓഫീസുകൾക്ക് പുറത്ത് പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പോലീസ് കസ്റ്റഡിയിലെടുത്ത കർഷകർ പൊലീസ് സ്റ്റേഷനുകളിൽ നിരാഹാര സമരം ആരംഭിച്ചു.