Kerala

ഗുഡ്സ് ഓട്ടോ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവം കൊലപാതകം; പ്രതി പിടിയിൽ

മലപ്പുറം കിഴിശ്ശേരിയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് വഴിയാത്രക്കാരനെ കൊലപ്പെടുത്തി. അസം സ്വദേശി അഹദുൽ ഇസ്ലാമാണ് മരിച്ചത്. കൊണ്ടോട്ടി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ ആസാം സ്വദേശിയായ ഓട്ടോ ഡ്രൈവർ ഗുൽസാറിനെ അറസ്റ്റ് ചെയ്തു.

സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലിസ് പറയുന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. റോഡിൽ വീണ യുവാവിന്റെ ശരീരത്തിലൂടെ വീണ്ടും വാഹനം കയറ്റി ഇറക്കിയതായി നാട്ടുകാർ പറഞ്ഞിരുന്നു. തുടർന്ന് വാഹനം ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു.

അഹദുൽ ഇസ്‌ലാമും ഗുൽജാർ ഹുസൈനും കഴിഞ്ഞ ദിവസം രാത്രി പണത്തെ ചൊല്ലി തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് അഹദുൽ റോഡിലൂടെ നടന്നുപോയത്. ഓട്ടോയിലെത്തിയ പ്രതി യുവാവിനെ പിറകിലൂടെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.