സംസ്ഥാനത്തെ കച്ചവട സ്ഥാപനങ്ങളില്‍ പരിശോധനയ്ക്ക് എത്തുന്ന ജി.എസ്.ടി ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങുന്നതിന് മുമ്പും ശേഷവും ബന്ധപ്പെട്ട രേഖകള്‍ വ്യാപാരിയേയോ അദ്ദേഹം ചുമതലപ്പെടുത്തുന്നവരെയോ കാണിച്ച് ബോധ്യപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷന്‍. ഉദ്യോഗസ്ഥരെ തിരിച്ചറിയുന്ന രേഖകളും പരിശോധനയ്ക്കായി ചുമതലപ്പെടുത്തപ്പെട്ട സ്ഥാപനങ്ങള്‍ ഏതൊക്കെ എന്നുമുള്ള ഔദ്യോഗിക രേഖകള്‍ ഇതിലുണ്ടാവണം. ഇതു സംബന്ധിച്ച് വ്യാപാരിക്ക് ഭാവിയില്‍ സംശയമുണ്ടായാലോ അതിന്റെ പകര്‍പ്പ് കാണണമെന്ന് ആവശ്യപ്പെട്ടാലോ അവ സാക്ഷ്യപ്പെടുത്തി നല്കുകയും വേണം.
വിവരാവകാശ നിയമം വഴി ആവശ്യപ്പെട്ടാല്‍ എത്രയും വേഗം നല്കണം. 30 ദിവസം കഴിഞ്ഞാല്‍ സൗജന്യമായി നല്കണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ.എ.എ. ഹക്കിം ഉത്തരവായി. ഇതു നല്കുകവഴി വകുപ്പിന്റെ ഔദ്യോഗിക ജോലികള്‍ക്ക് ഒരു തടസ്സവും ഉണ്ടാകാനില്ല. നല്കാതിരിക്കുന്നത് വ്യാപാരിക്ക് ലഭിക്കേണ്ട സ്വാഭാവിക നീതിയുടെ നിഷേധമാകുമെന്നും അത് ശിക്ഷാര്‍ഹമാണെന്നും ഉത്തരവില്‍ പറയുന്നു. കൊല്ലം ചാമക്കട ബോബി സ്റ്റോറിന്റെ വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനക്കുള്ള ഉത്തരവിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടത് കൊട്ടാരക്കര ജി.എസ്.ടി ഇന്റലിജന്‍സും എന്‍ഫോഴ്‌സ് മെന്റും വിഭാഗം നിരസിച്ചിരുന്നു.
തുടര്‍ന്ന് വിവരാവകാശ കമ്മിഷന് ലഭിച്ച അപ്പീല്‍ അനുവദിച്ചാണ് ഉത്തരവ്. ഹിയറിംഗില്‍ അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന നിലപാട് ജി.എസ്.ടി യിലെ ഉന്നത ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചു. നികുതി ബാധ്യത സംബന്ധിച്ച അന്തിമ തീര്‍പ്പിന് ശേഷമേ വിവരം നല്കാന്‍ കഴിയൂ എന്ന വിശദീകരണമാണ് അവര്‍ സമര്‍പ്പിച്ചത്. പരിശോധനക്ക് മുമ്പ് വ്യാപാരിക്ക് വേണമെങ്കില്‍ അത് ആവശ്യപ്പെട്ട് ബോധ്യപ്പെടാമെന്നാണ് ചട്ടമെന്ന് ഉദ്യോഗസ്ഥര്‍ വാദിച്ചു.
ഈ വാദം കമ്മിഷന്‍ തള്ളി. ഇത് നീതി നിഷേധമാകുമെന്നും വകുപ്പിന്റെ സുതാര്യതയും വിശ്വാസ്യതയും നിലനിര്‍ത്താന്‍ ആ രേഖാ പകര്‍പ്പ് നല്കണമെന്നും കമ്മിഷണര്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. ഒരു സര്‍ക്കാര്‍ വകുപ്പിന്റെ സാങ്കേതിക കാര്യങ്ങളില്‍ എല്ലാ വ്യാപാരികള്‍ക്കും എപ്പോഴും അറിവുണ്ടായിരിക്കണമെന്നില്ല. എന്നാല്‍ തന്റെ സ്ഥാപനത്തില്‍ പരിശോധനയ്ക്ക് വന്ന്‌പോയ ഉദ്യോസ്ഥര്‍ ശരിക്കും അതിന് അധികാരമുള്ളവരാണോ, തന്റെ ഏതൊക്കെ സ്ഥാപനങ്ങളില്‍ പരിശോധനയ്ക്ക് ഉത്തരവുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങള്‍ അറിയുവാന്‍ ഏത് വ്യാപാരിക്കും അവകാശമുണ്ട്. അത് സാങ്കേതികത്വം പറഞ്ഞ് നിഷേധിക്കാന്‍ പാടില്ല.
ബോബി സ്റ്റോര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കാന്‍ ജി.എസ്.ടി-ഐ.എസ്.എന്‍-01ന്റെ പകര്‍പ്പ് സാക്ഷ്യപ്പെടുത്തി സൗജന്യമായി നല്കണമെന്നും അതിന്റെ നടപടി വിവരം മാര്‍ച്ച് 28 നകം കമ്മിഷനെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്. വീഴ്ച വരുത്തിയാല്‍ ചരക്ക് സേവന നികുതി വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ വിവരാവകാശ നിയമം വകുപ്പ് 20(1) പ്രകാരം ഫൈന്‍ ചുമത്തുമെന്നും 20 (2) പ്രകാരം അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും കമ്മിഷണര്‍ ഡോ. എ.എ. ഹക്കീം ഉത്തരവില്‍ ഓര്‍മ്മിപ്പിച്ചു.
CONTENT HIGH LIGHTS;Documents must be shown before and after GST inspection: RTI Commissioner