Kerala

വയോജന കമ്മീഷന്‍ പുതിയ യുഗത്തിന്റെ തുടക്കമാകും: മന്ത്രി ഡോ. ആര്‍.ബിന്ദു

സംസ്ഥാന നിയമസഭ പാസാക്കിയ കേരള വയോജന കമ്മീഷന്‍ ബില്‍ പുതിയ യുഗത്തിന്റെ തുടക്കമാകുമെന്ന് ഉന്നത വിദ്യാഭ്യാസ,സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. രാജ്യത്താദ്യമായിട്ടാണ് ഒരു സംസ്ഥാനത്ത് വയോജനങ്ങള്‍ക്കായി കമ്മീഷന്‍ നടപ്പിലാക്കുന്നത്. കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക വികസനത്തെ ഗണ്യമായി സ്വാധീനിക്കുന്ന ഒന്നായി കമ്മീഷന്‍ മാറും. അര്‍ദ്ധ ജുഡീഷ്യല്‍ അധികാരങ്ങളോടെയാണ് കമ്മീഷന്‍ രൂപീകരിക്കപ്പെടുന്നത്.

വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും വയോജനങ്ങളുടെ പുനരധിവാസത്തിനുള്ള സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും കമ്മീഷന്‍ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. വയോജന സംരക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച ആശയം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. വയോജനങ്ങളുടെ സേവനങ്ങളും കഴിവുകളും പൊതുസമൂഹത്തിന് പ്രയോജനകരമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനതയുടെ ജീവിത പ്രയാസങ്ങള്‍ സംബന്ധിച്ച് വര്‍ധിച്ചുവരുന്ന ആശങ്കകള്‍ കമ്മീഷന്‍ അഭിസംബോധന ചെയ്യും. വയോജന ക്ഷേമത്തിലും സംരക്ഷണത്തിലും ഇന്ത്യയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തെ കൂടുതല്‍ വയോജന സൗഹൃദപരമാക്കാനുള്ള തീരുമാനമാണ് നിയമമായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വയോജന കമ്മീഷനില്‍ ഗവണ്‍മെന്റ് സെക്രട്ടറിയുടെ

പദവിയിലുള്ള ഒരു ചെയര്‍പേഴ്‌സണും നാലില്‍ കവിയാത്ത എണ്ണം അംഗങ്ങളുമുണ്ടാവും. ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ കമ്മീഷനില്‍ നിയമിക്കപ്പെടുന്ന എല്ലാ അംഗങ്ങളും വയോജനങ്ങള്‍ ആയിരിക്കും. അവരില്‍ ഒരാള്‍ പട്ടികജാതികളിലോ പട്ടികഗോത്ര വര്‍ഗ്ഗങ്ങളിലോ പെട്ടയാളും മറ്റൊരാള്‍ വനിതയുമായിരിക്കും. ചെയര്‍പേഴ്‌സന്റെയും അംഗങ്ങളുടെയും ഔദ്യോഗിക കാലാവധി അവര്‍ സ്ഥാനം ഏറ്റെടുത്ത തീയതി മുതല്‍ മൂന്നു വര്‍ഷം വരെ ആയിരിക്കും.

സര്‍ക്കാര്‍ അഡീഷണല്‍ സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥരാവും കമ്മീഷന്‍ സെക്രട്ടറി. നിയമ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളെ കമ്മീഷന്‍ രജിസ്ട്രാറായും സര്‍ക്കാര്‍ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളെ കമ്മീഷന്‍ ഫിനാന്‍സ് ഓഫീസറായും നിയമിക്കുമെന്ന് മന്ത്രി അറിയിച്ചു.

CONTENT HIGH LIGHTS; The Elderly Commission will be the beginning of a new era: Minister Dr. R. Bindu