Kerala

ലൈസൻസ് ലഭിക്കാൻ 2000 രൂപ കൈക്കൂലി; നഗരസഭ ക്ലീൻ സിറ്റി മാനേജർ പിടിയിൽ – kozhikode clean city manager

ഫറോക്ക് ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് വാങ്ങുന്നതിനിടെയാണു രാജീവിനെ പിടികൂടിയത്

ലൈസൻസിന് അപേക്ഷിച്ച യുവാവിൽനിന്നു കൈക്കൂലി വാങ്ങിയ ഫറോക്ക് നഗരസഭ ക്ലീൻ സിറ്റി മാനേജർ വിജിലൻസ് പിടിയിൽ. ഇ.കെ.രാജീവിനെയാണു വിജിലൻസ് ഡിവൈഎസ്പി കെ.കെ.ബിജുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. മുൻപും ഇയാൾക്കെതിരെ പരാതിയുണ്ടായിരുന്നെന്നും നിരീക്ഷണത്തിലായിരുന്നെന്നും വിജിലൻസ് അറിയിച്ചു.

ചെറുവണ്ണൂർ സ്വദേശിയായ യുവാവ് കല്ലംപാറയിൽ കുടിവെള്ള വിതരണ ഏജൻസി നടത്തിപ്പിനു ലൈസൻസിന് അപേക്ഷിച്ചപ്പോൾ രാജീവ് 2000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇക്കാര്യം യുവാവ് വിജിലൻസിനെ അറിയിച്ചു. വിജിലൻസ് നൽകിയ മഷി പുരട്ടിയ നോട്ടുകൾ ഫറോക്ക് ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് വാങ്ങുന്നതിനിടെയാണു രാജീവിനെ പിടികൂടിയത്. ഇയാളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.

STORY HIGHLIGHT: kozhikode clean city manager arrested