Movie News

അക്ഷയ് കുമാര്‍ നായകനായി എത്തിയ ചിത്രം ‘സ്കൈ ഫോഴ്സ്’ ഒടിടിയിലേക്ക്

റിലീസ് ചെയ്ത ഭൂരിഭാ​ഗം സിനിമകളും മുടക്കു മുതൽ പോലും ലഭിക്കാതെ വൻ പരാജയം നേരിട്ടു

മുംബൈ : അക്ഷയ് കുമാര്‍ നായകനായി  ഈ വര്‍ഷം തീയറ്ററില്‍ എത്തിയ ചിത്രമാണ് സ്കൈ ഫോഴ്സ്. വന്‍ ബജറ്റില്‍ ഒരുക്കിയ ചിത്രം എന്നാല്‍ ആദ്യത്തെ ദിനങ്ങളിലെ കളക്ഷന്‍ പിന്നീട് നിലനിര്‍ത്താന്‍ ബുദ്ധിമുട്ടി. ഒടുവില്‍ ശരാശരി വിജയത്തില്‍ ഒതുങ്ങുകയായിരുന്നു.

കഴിഞ്ഞ കുറേക്കാലമായി പരാജയങ്ങളുടെ പടുകുഴിയിൽ ആയിരുന്നു ബോളിവുഡ് താരം അക്ഷയ് കുമാർ. റിലീസ് ചെയ്ത ഭൂരിഭാ​ഗം സിനിമകളും മുടക്കു മുതൽ പോലും ലഭിക്കാതെ വൻ പരാജയം നേരിട്ടു. എന്നാൽ ഈ പരാജയങ്ങളിൽ നിന്നും അക്ഷയ് കുമാർ തിരിച്ചു വരുന്നുവെന്നായിരുന്നു സ്കൈ ഫോഴ്സ് സിനിമയുടെ റിലീസിന് പിന്നാലെ വിലയിരുത്തലുകൾ വന്നത്. എന്നാല്‍ ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് 140 കോടിക്ക് അടുത്താണ് ചിത്രത്തിന്‍റെ ഫൈനല്‍ ഗ്രോസ് കളക്ഷന്‍ വന്നത്.

എന്നാല്‍ ഈ കളക്ഷനില്‍ ചില തട്ടിപ്പുകള്‍ നടന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇന്റസ്ട്രി കളക്ഷൻ ട്രാക്കറായ കോമൾ നഹ്ത ചിത്രത്തിന്‍റെ പ്രഖ്യാപിക്കപ്പെട്ട കളക്ഷനില്‍ തട്ടിപ്പ് നടത്തിയെന്ന ആരോപണം കഴിഞ്ഞ മാസം ഉയര്‍ത്തിയിരുന്നു.

എന്തായാലും വിവാദങ്ങള്‍ മാറ്റി നിര്‍ത്തി സമിശ്രമായ പ്രതികരണം ലഭിച്ച ചിത്രം ഇപ്പോള്‍ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. മാര്‍ച്ച് 21ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം ഡിജിറ്റല്‍ പ്രീമിയര്‍ നടത്തും ചിത്രത്തിലെ നായകന്മാരായ അക്ഷയ് കുമാറും  വീര്‍ പഹാര്യയും ഒന്നിച്ച് ഡാന്‍സ് കളിക്കുന്ന ഒരു അനൗണ്‍സ്മെന്‍റ് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.

ദിനേശ് വിജൻ, അമർ കൗശിക്, ജ്യോതി ദേശ്‍പാണ്ഡെ എന്നിവർ ചേർന്നാണ് സ്‍കൈ ഫോഴ്‍സ് നിര്‍മിച്ചിരിക്കുന്നത്. സന്ദീപ് കെവ്‌ലാനിയും അഭിഷേക് കപൂറും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാറാ അലി ഖാനും കഥാപാത്രമായ ചിത്രത്തില്‍ ശരദ് ഖേല്‍ഖര്‍, മനിഷ് ചൗധരി, മോഹിത് ചൗഹാൻ, വരുണ്‍ ബഡോല, സോങം, അഭിനവ്, റിതി, അനുപമം ജോര്‍ദര്‍, ജയ്വന്ത് വാഡ്‍കര്‍, വിശാല്‍ ജിൻവാല്‍, അഭിഷേക് മഹേന്ദ്ര, ബ്രയാൻ ലോറൻസ്, ഫയാസ് ഖാൻ തുടങ്ങിയവരും ഉണ്ട്. തനിഷ്‍ക ഭാഗ്‍ചിയാണ് സംഗീത സംവിധാനം. പിവിആര്‍ ഐനോക്സ് പിക്ചേഴ്‍സാണ് വിതരണം.

Content highlight : akshay-kumar-veer-pahariya-sky-force-ott-release