അരുണാചല്‍ പ്രദേശിലെത്തിയാല്‍ തീര്‍ച്ചയായും കാണേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് സമുദ്രനിരപ്പില്‍ നിന്നും 8000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ബോംദില എന്ന ചെറു നഗരം. കിഴക്കന്‍ ഹിമാലയ നിരകളില്‍ അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങളോടെ സന്ദര്‍ശകരെ കാത്തിരിക്കുന്ന പ്രശാന്തമായ നഗരമാണിത്. പ്രകൃതി ഭംഗിക്കും ആപ്പിള്‍ തോട്ടങ്ങള്‍ക്കും പുറമെ ബോംദില ബുദ്ധ വിഹാരങ്ങളാലും പ്രശസ്‌തമാണ്. നിരവധി ട്രക്കിങ് പാതകള്‍ ഉള്ളതിനാല്‍ സാഹസിക യാത്രക്കാര്‍ക്കും പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണിത്.
മധ്യകാലത്ത് ബോംദില തിബറ്റ് രാജ്യത്തിന്റെ ഭാഗമായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. പ്രാദേശിക ഗോത്ര ഭരണാധികാരികളും ഭൂട്ടാന്‍ ഭരണാധികാരികളും ഈ നഗരത്തില്‍ ഭരണം നടത്തിയിരുന്നതായാണ് പറയപ്പെടുന്നത്. 1873ല്‍ ബ്രിട്ടീഷ് ഭരണം വന്നതോടെ മറ്റുള്ളവരുടെ പ്രവേശനത്തിന് നിരോധനം ഉണ്ടായി. 1962 ല്‍ ബോംദില ചൈന പിടിച്ചെടുത്തിരുന്നു. എന്നാല്‍ പിന്നീട് ഇവിടെ നിന്നും പിന്‍വാങ്ങി. 1947 മുതല്‍ അരുണാചല്‍ പ്രദേശിന്റെ ഈ ഭാഗം ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ഇടയിലെ തര്‍ക്ക വിഷയമാണ്.
ബോംദിലയില്‍ അനുഭവപ്പെടുന്നത് പര്‍വ്വതങ്ങളിലെ കാലാവസ്ഥയാണ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ഹ്രസ്വകാല വേനല്‍ക്കാലം ചൂടുള്ളതായിരിക്കും. അതേസമയം തണുപ്പേറിയ ശൈത്യകാലം നവംബര്‍ മുതല്‍ ഫെബ്രുവരി വരെ നീണ്ടു നില്‍ക്കും. ജൂലൈ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ് വര്‍ഷകാലം. തണുപ്പ് കഠിനമാകുന്നതിന് മുമ്പുള്ള ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലയളവാണ് ബോംദില സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. ശൈത്യകാലത്താണ് ബോംദില സന്ദര്‍ശിക്കാനൊരുങ്ങുന്നതെങ്കില്‍ ചൂട് നല്‍കുന്ന വസ്‌ത്രങ്ങള്‍ തീര്‍ച്ചയായും കരുതിയിരിക്കണം.വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ ബോംദില പ്രശസ്‌തമാണ്. അരുണാചല്‍ പ്രദേശിലെ വെസ്റ്റ് കമേങ് ജില്ലയുടെ ആസ്ഥാനമായ ഈ മനോഹര നഗരം പ്രകൃതിയുടെ പൂര്‍ണ സൗന്ദര്യം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ടതാണ്. ബോംദിലയില്‍ നിന്നും നോക്കിയാല്‍ മഞ്ഞ് മൂടി കിടക്കുന്ന ഹിമാലയന്‍ മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയും. ഇതിന് പുറമെ ഈ നഗരത്തില്‍ നിരവധി ബുദ്ധ വിഹാരങ്ങളും കാണാനുണ്ട്.
ബോംദിലയില്‍ എത്തുന്നവര്‍ക്ക് മോമോസ്, തൂപ തുടങ്ങിയ പ്രാദേശിക ടിബറ്റന്‍ വിഭവങ്ങളുടെ രൂചിയറിയാനുള്ള അവസരവും ലഭിക്കും. ബോംദിലയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ നിരവധി സാധനങ്ങള്‍ ഇവിടെ നിന്നും വാങ്ങിക്കാനും കിട്ടും. പരമ്പരാഗത കരകൗശല ഉത്‌പന്നങ്ങളാല്‍ പ്രശസ്‌തമാണ് ബോംദില. പ്രധാന കരകൗശലകേന്ദ്രങ്ങളില്‍ നിന്നും മറ്റ് കടകളില്‍ നിന്നും ഇവ വാങ്ങാന്‍ കിട്ടും. സന്ദര്‍ശകര്‍ക്ക് വിവിധ തരത്തിലുള്ള കമ്പിളി പരവതാനികളും പരമ്പരാഗത മുഖം മൂടികളും തിരഞ്ഞെടുക്കാം. കരകൗശല കേന്ദ്രവും ലോവര്‍ ഗോംമ്പ, മധ്യ ഗോംമ്പ,അപ്പര്‍ ഗോംമ്പ എന്നീ മൂന്ന് ബുദ്ധ വിഹാരങ്ങളും തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളാണ്. ബോംദിലയുടെ വടക്കായുള്ള ചെറു പട്ടണമാണ് തവാങ്. ബോംദില സന്ദര്‍ശിക്കുന്നവര്‍ തവാങ്ങിലും എത്താറുണ്ട്.
മനോഹരങ്ങളായ പര്‍വത പ്രദേശങ്ങളുടെ ഭംഗി ആസ്വദിക്കാനുള്ള അവസരം ഇത് മൂലം ലഭിക്കും. സമുദ്ര നിരപ്പില്‍ നിന്നും 3,400 മീറ്റര്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന തവാങ്ങില്‍ 400 വര്‍ഷം പഴക്കമുള്ള ഒരു പുരാതന ബുദ്ധ വിഹാരമുണ്ട്. ഇതിന് പുറമെ ബോംദിലയില്‍ മറ്റ് ആകര്‍ഷണങ്ങളാണ് സെസ്സ ഓര്‍ക്കിങ് സാന്‍ക്‌ചറി, ഈഗിള്‍ നെസ്റ്റ് വന്യജീവി സങ്കേതം, കമേങ് ആന സംരക്ഷണ കേന്ദ്രം എന്നിവ.റോഡ് മാര്‍ഗം തെസ്‌പൂരില്‍ നിന്നും 180 കിലോമീറ്ററും തവാങ്ങില്‍ നിന്നും 160 കിലോമീറ്ററും അകലെയാണ് ബോംദില. ബോംദിലയിലെത്താന്‍ കാര്‍, ബസ് സൗകര്യങ്ങള്‍ ലഭിക്കും. തെസ്‌പൂരില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ബലിപാറ വഴി ഇറ്റാനഗറില്‍ നിന്നും ബോംദിലയിലേയ്‌ക്ക് എല്ലാ ദിവസവും ബസ് സര്‍വീസ് ഉണ്ട്.
STORY HIGHLIGHTS : enjoy-the-beautiful-natural-beauty-take-a-trip-to-bomdila