Travel

കാലം മായ്ക്കാത്ത അടയാളങ്ങള്‍ കാത്ത് വച്ച് ബുന്ദി | Bundi, with its indelible marks waiting for it

ഹഡോടി പ്രദേശത്ത് കോട്ടയില്‍ നിന്നും 36 കിലോമീറ്റര്‍ അകലത്തിലാണ് ബുന്ദി ജില്ല സ്ഥിതിചെയ്യുന്നത്

രാജസ്ഥാനിലെവിടെനോക്കിയാലും രജപുത് രാജാക്കന്മാരുടെ ഭരണകാലത്തിന്റെ ഗാംഭീര്യമാണ് കാണാന്‍ കഴിയുക. ഇനിയും അനേകകാലം തങ്ങളുടെ ഭരണകാലത്തിന്റെ കഥ ഓര്‍മ്മിപ്പിക്കാന്‍ പാകത്തിലാണ് രജപുത് രാജാക്കന്മാരും മുഗള്‍ രാജാക്കന്മാരുമെല്ലാം രാജസ്ഥാനിലെ തങ്ങളുടേതായ കേന്ദ്രങ്ങളിലെല്ലാം സ്മാരകങ്ങളും കൊട്ടാരങ്ങളും തടാകങ്ങളുമെല്ലാം പണിതീര്‍ത്തത്. ഇതൊക്കെത്തന്നെയാണ് ഇന്നും രാജസ്ഥാനെ ഇന്ത്യയുടെ വിനോദസഞ്ചാര ഭൂപടത്തില്‍ ഏറെ പ്രത്യേകതകളുള്ള കേന്ദ്രമാക്കിത്തീര്‍ക്കുന്നത്.
മറ്റെല്ലാ നഗരങ്ങളുമെന്നപോലെ രജപുത് കാലഘട്ടത്തിന്റെ മഹിമ വിളിച്ചോതുന്ന ജില്ലയാണ് ബുന്ദി. പഴയ സുവര്‍ണകാലം അങ്ങനേ തന്നെ ഉറഞ്ഞിരിയ്ക്കുകയാണെന്ന് തോന്നിപ്പിക്കുന്ന നഗരമാണ് ബുന്ദി. ഹഡോടി പ്രദേശത്ത് കോട്ടയില്‍ നിന്നും 36 കിലോമീറ്റര്‍ അകലത്തിലാണ് ബുന്ദി ജില്ല സ്ഥിതിചെയ്യുന്നത്.

രജപുത് വാസ്തുവിദ്യാ വിസ്മയങ്ങള്‍, നദികള്‍, തടാകങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നുവേണ്ട മതിമറന്നുപോകുന്ന കാഴ്ചകളാണ് ബുന്ദിയിലുള്ളത്. ജില്ലയുടെ വിസ്തൃതിയില്‍ വലിയൊരു ഭാഗം ശില്‍വന്‍എന്ന വനപ്രദേശമാണ്. അനേകജാതി സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണിത്. ഒട്ടേറെ മഹാന്മാരായ ചിത്രകാരന്മാരും എഴുത്തുകാരുമെല്ലാം തങ്ങളുടെ സര്‍ഗ്ഗാത്മകതയെ പോഷിപ്പിക്കാനുള്ള കേന്ദ്രമായിട്ടാണ് ബുന്ദിയെ കണ്ടത്. പലരും തങ്ങളുടെ പ്രമുഖ സൃഷ്ടികളെല്ലാം നടത്തിയത് ഇവിടെവച്ചാണ്. 5,500 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള ബുന്ദിയിലെ ജനസംഖ്യ 88000 ആണ്(2001ലെ സെന്‍സസ് പ്രകാരമാണിത്). അഞ്ച് താലൂക്കുകളുള്‍പ്പെട്ടതാണ് ബുന്ദി ജില്ല. ഇതിലെല്ലാം കൂടി 6 നഗരങ്ങളുണ്ട്. നാല് പഞ്ചായത്ത് സമിതികളും ഏതാണ്ട് 890 ഗ്രാമങ്ങളുമുണ്ട്. ബുന്ദി നഗരത്തിലാണ് ജില്ലയുടെ ഭരണസിരാകേന്ദ്രം. ഇവിടെ മനോഹരമായ കോട്ടകളും കൊട്ടാരങ്ങളും മനോഹരമായി നിര്‍മ്മിച്ച കിണറുകളും(ബോയറി)ഉണ്ട്.

പുരാതനകാലത്ത് വ്യത്യസ്തരായ ഒട്ടേറെ ആദിവാസി വിഭാഗങ്ങള്‍ ഇവിടെ താമസിച്ചിരുന്നു. ഇവരില്‍ ഏറ്റവും പ്രബലമായ വിഭാഗം പരിഹര്‍ മീനാസ് ആയിരുന്നു. ബുന്ദ മീനയെന്ന രാജാവിന്റെ നാമത്തില്‍ നിന്നാണ് ബുന്ദിയെന്ന സ്ഥലനാമം ഉരുത്തിരിഞ്ഞതെന്നാണ് കരുതപ്പെടുന്നത്. 1342ല്‍ ജെയ്ത മീനയെന്ന ഭരണാധികാരിയില്‍ നിന്നും റാവു ദേവ ഹഡ ബുന്ദിയുടെ അധികാരം പിടിച്ചെടുത്തു. പിന്നീട് 200 വര്‍ഷക്കാലം ഹഡ രജപുത്രന്മാര്‍ ഈ പ്രദേശം ഭരിച്ചു. 1533ല്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബര്‍ ബുന്ദി പിടിച്ചെടുക്കുകയായിരുന്നു. ഇപ്പോള്‍ ബുന്ദിയിലെ താമസക്കാരില്‍ ഏറെയും രജപുത് വിഭാഗക്കാരാണ്. ധൈര്യത്തിന്റെയും നായകത്വത്തിന്റെയു പേരില്‍ പേരുകേട്ടവരാണിവര്‍. ഇപ്പോള്‍ രാജസ്ഥാന്റെ തനത് സംസ്‌കാരവും ജീവിതരീതികളും പിന്തുടരുന്നവരാണ് ഇവരില്‍ ഏറെയും. ഹിന്ദിയും രാജസ്ഥാനിയുമാണ് ഇവിടുത്തെ പ്രധാന സംസാരഭാഷകള്‍.

കാളി തീജാണ് ഇവിടത്തെ ഏറ്റവും പ്രധാന ഉത്സവം. ഹിന്ദു കലണ്ടര്‍ പ്രകാരമുള്ള ഭാദ്രമാസത്തിലെ മൂന്നാമത്തെ ദിവസമാണ് ഉത്സവം തുടങ്ങുന്നത്. ചിത്രരചനയും സംഗീതവും ബുന്ദിയിലെ സംസ്‌കാരത്തില്‍ വികാരം പോലെ അലിഞ്ഞുപോയ കാര്യങ്ങളാണ്. ഗായഗന്മാരും വാദ്യോപകരണവാദനക്കാരുമെല്ലാം ഏറെയുണ്ടായിരുന്നു ഇവിടെ. ബുന്ദി സ്‌ക്ൂള്‍ ഓഫ് പെയിന്റിഗില്‍ പ്രധാനമായും പഠിപ്പിക്കുന്നത് മുഗള്‍, രാഗ്മാല ചിത്രരചനാശൈലികളാണ്. താരഗഡ് കോട്ട, ബുന്ദി പാലസ്. റാണിജി കി ബോറി, നവല്‍ സാഗര്‍ തുടങ്ങിയവയാണ് ബുന്ദിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. സുഖ് മഹല്‍, ചൗരശി ഖംബോന്‍ കി ഛത്രി, ജെയ്ത് സാഗര്‍ ലേക്ക്, ഫൂല്‍ സാഗര്‍ എന്നിവയാണ് മറ്റു ചില ആകര്‍ഷണകേന്ദ്രങ്ങള്‍.

ബുന്ദിയിലേയ്ക്ക് യാത്രചെയ്യുകയെന്നത് അധികം ബുദ്ധിമുട്ടില്ലാത്ത കാര്യമാണ്. പഴയ ബുന്ദി നഗരത്തിന്റെ തെക്കുഭാഗത്തായി രണ്ട് കിലോമീറ്റര്‍ അകലത്തിലാണ് ബുന്ദി റെയില്‍വേ സ്‌റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. ജയ്പൂര്‍, ആഗ്ര, വരാണസി, ഡെറാഡൂണ്‍ പോലുള്ള നഗരങ്ങളില്‍ നിന്നെല്ലാം ഇങ്ങോട്ട് തീവണ്ടി സര്‍വ്വീസുകളുണ്ട്. റോഡുമാര്‍ഗ്ഗവും യാത്ര സുഗമമാണ്. രാജസ്ഥാനിലെ വിവിധ നഗരങ്ങളില്‍ നിന്ന് ഇങ്ങോട്ട് എക്‌സ്പ്രസ് ബസ് സര്‍വ്വീസുകളുണ്ട്. ബിക്കാനീര്‍, കോട്ട, മധോപൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ഇങ്ങോട്ട് ബസുകളുണ്ട്. ഒക്ടോബറിനും മാര്‍ച്ചിനുമിടയിലുള്ള സമയമാണ് ബുന്ദി സന്ദര്‍ശനത്തിന് അനുയോജ്യം.

STORY HIGHLIGHTS :  Bundi, with its indelible marks waiting for it