വടക്കു കിഴക്കന്‍ അതിര്‍ത്തിയില്‍ അതിമനോഹരമായ മ്യാന്‍മര്‍ മലനിരകളിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ സംസ്ക്കാരവും പാരമ്പര്യവും അലങ്കരിക്കുന്ന, മിസോറാമിന്‍റെ നെല്‍പ്പാത്രം എന്നറിയപ്പെടുന്ന ചാമ്പൈ എന്ന വിനോദസഞ്ചാരകേന്ദ്രത്തെ ഒഴിവാക്കാനാവില്ല. മുത്തശ്ശിക്കഥകളിലേതുപോലെ എങ്ങും ചിത്രശലഭങ്ങള്‍ പാറിപ്പറക്കുന്ന നിറയെ ഓര്‍ക്കിഡ് പൂക്കളുള്ള മനോഹരമായ ഇടമാണ് ഇവിടം. ഇവിടത്തെ ആദിവാസി വര്‍ഗ്ഗങ്ങളുടെ ഉത്സാഹഭരിതമായ ആചാരങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് ചാമ്പൈ ടൂറിസം. ചാമ്പൈ നഗരത്തില്‍ നിന്നും നോക്കിയാല്‍ നീല നിറത്തില്‍ മനോഹരമായ മ്യാന്‍മാര്‍ മലനിരകള്‍ മുഴുവന്‍ കാണാം. ഇവിടുത്തെ ഓരോ ഗ്രാമങ്ങളിലും കാണുന്ന ചേരികളിലാണ് നാട്ടുകാര്‍ വസിക്കുന്നത്.
ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ചാമ്പൈയിലെ ജനസംഖ്യ വര്‍ധിച്ചു കൊണ്ടിരിക്കുന്നതിനു ഫലമായി കൂടുതല്‍, സ്ഥലങ്ങള്‍ ജനവാസകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നുണ്ട്.ഇവിടത്തെ പുരാതന സ്മാരകങ്ങളും ശിലാലിഖിതങ്ങളും ചാമ്പൈയിലെ അന്തേവാസികളായിരുന്ന മീസോ വിഭാഗത്തിന്‍റെ സമ്പന്നമായ സംസ്ക്കാരവും പാരമ്പര്യവും വെളിവാക്കുന്നവയാണ്. മിസോറാമില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ചാമ്പൈ നഗരമാണ് ചാമ്പൈ ജില്ലയുടെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നത്. സമര തന്ത്രപ്രധാനവും ഒപ്പം മ്യാന്‍മറില്‍ നിന്നും വളരെ അടുത്തുള്ള പ്രദേശം എന്നതുകൊണ്ടുമാണ് അതിര്‍ത്തിയിലെ പ്രധാനപ്പെട്ട വളരുന്ന നഗരമായി ചാമ്പൈ മാറിയത്. ഇന്ത്യയ്ക്കും മ്യാന്‍മറിനും വ്യാവസായിക ഇടനാഴി എന്ന നിലയിലാണ് ചാമ്പൈ പ്രവര്‍ത്തിക്കുന്നത്.
മ്യാന്‍മറിലേക്കും തെക്ക് – കിഴക്കന്‍ ഏഷ്യയിലേക്കും കച്ചവടച്ചരക്കുകള്‍ക്ക് വഴിയാകുന്ന അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യാവസായിക നഗരം മാത്രമല്ല ചാമ്പൈ,ഇന്ത്യയില്‍ അധികം അറിയപ്പെടാത്ത് അതിമനോഹരമായ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് ഈ പ്രദേശം. ചൂറ്റും അലങ്കരിച്ചതുപോലെ മ്യാന്‍മര്‍ മലനിലകള്‍ അതിരിടുന്ന ചാമ്പൈയിലെ പരന്ന ഭൂമിയുടെ സൌന്ദര്യം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. മുര്‍ലെന്‍ നാഷനല്‍ പാര്‍ക്ക്, മൂരാ പുക്ക്, രിധ്ദില്‍ തടാകം, തസൈമ സെനോ നേഹ്ന തുടങ്ങിയവയാണ് ചാമ്പൈയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍. ചരിത്രപഠനത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ചാമ്പൈ വളരെ ഇഷ്ടപ്പെടും. മിസോ വര്‍ഗ്ഗത്തിന്‍റെ തുടക്കവും ഒടുക്കവും ചാമ്പൈയിലായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്.
ഇവിടെനിന്നും കണ്ടത്തിയിട്ടുള്ള സ്മാരകങ്ങളില്‍ നിന്നും ശിലാലിഖിതങ്ങളില്‍ നിന്നും മറ്റ് വസ്തുക്കളില്‍ നിന്നുമെല്ലാം മനസിലാകുന്നത് ഈ പ്രദേശത്തിന് മിസ്സോ വര്‍ഗ്ഗവുമായും അവരുടെ പുരാണവും കഥകളുമായും അഭേദ്യമായ ബന്ധമുണ്ടെന്നാണ്. മിസ്സോറാമിന്‍റെ മറ്റ് പല ഭാഗങ്ങളിലും ജിവിക്കുന്ന ആദിഗോത്രങ്ങള്‍ പലതും ആദ്യകാലത്ത് ചാമ്പൈയിലായിരുന്നു ജീവിച്ചിരുന്നത് എന്നും കരുതപ്പെടുന്നു. ഹ്മാര്‍,റാള്‍ട്ട്,സൈലോ തുടങ്ങി പല ആദിവാസി ഗോത്രങ്ങളും പണ്ട് ഈ കൃഷിഭൂമിയിലെ സ്ഥിരതാമസക്കാരായിരുന്നുവത്രേ. മിസ്സോറാമിന്‍റെ തലസ്ഥാനമായ ഐസാവലില്‍ നിന്നും 192 കിലോമീറ്റര്‍ അകലെയാണ് ചാമ്പൈ. ഈ രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകള്‍ വളരെ നല്ലതായതുകൊണ്ട് തന്നെ ബസ്സുകളിലും ടാക്സികളിലും ഇതുവഴി സഞ്ചാരികള്‍ക്ക് ചാമ്പൈയിലെത്താം. ഈ റൂട്ടില്‍ സ്ഥിരം ബസ്സ്സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.
STORY HIGHLIGHTS: Industrial corridor to Myanmar; Enjoy the beauty of Champhai