ചിക്കൻ കറി, ചിക്കൻ ഫ്രൈ, ചിക്കൻ റോസ്റ്റ്… വീട്ടിലെ ചിക്കൻ മെനുവിനും വേണ്ടേ ഒരു മാറ്റം? ചിക്കൻ ഉലർത്ത് ഒന്ന് വിളമ്പി നോക്കൂ. വീട്ടുകാർ ഒരേസ്വരത്തിൽ പറയും – അസാധ്യ രുചി. തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ…
ആവശ്യമുള്ള സാധനങ്ങൾ
കോഴിയിറച്ചി – ഒരു കിലോ
വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ
മല്ലിപൊടി – അഞ്ച് ടേബിൾ സ്പൂൺ
കുരുമുളകു പൊടി- ഒന്നര ടീസ്പൂൺ
വറ്റൽ മുളക് – ഒൻപതെണ്ണം
വെളുത്തുള്ളി – എട്ട് അല്ലി
ഇഞ്ചി – പത്ത് ഗ്രാം.
ചെറിയ ഉള്ളി അരിഞ്ഞത്- അര കിലോ
തേങ്ങ ചിരകിയത്- അര കപ്പ്
വെള്ളം – ഒന്നര കപ്പ്
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ
കടുക് – ഒരു ടീസ്പൂൺ
കറിവേപ്പില – ഒരു തണ്ട്
ഉള്ളി ചെറുതായി അരിഞ്ഞത് – അഞ്ചെണ്ണം
തേങ്ങാകൊത്ത് – കാൽ കപ്പ്
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയിൽ അര ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കുമ്പോൾ മല്ലിപ്പൊടി, കുരുമുളക്, വെളുത്തുള്ളി, ഇഞ്ചി മുക്കാൽ ഭാഗത്തോളം ഉള്ളി, തേങ്ങ ഇവ ചേർത്ത് വറുക്കുക. ശേഷം അരച്ചെടുക്കാം. അര ടേബിൾ സ്പൂൺ എണ്ണ കുക്കറിലൊഴിച്ച് ചൂടാക്കി ബാക്കി വന്ന ഉള്ളി വഴറ്റുക. അതിലേക്ക് അരപ്പിട്ട് എണ്ണ തെളിയുന്നതുവരെ ഇളക്കുക. ശേഷം കോഴിയിറച്ചി ചേർത്ത് മൂന്ന് മിനിറ്റ് വഴറ്റണം. ഇതിൽ വെള്ളവും ഉപ്പും ചേർത്ത് കുക്കർ അടച്ച് ഒരു വിസിൽ വരുന്നതുവരെ വേവിക്കുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടുമ്പോൾ ബാക്കി ചേരുവകൾ മൂപ്പിച്ച് കോഴിയിറച്ചിക്ക് മുകളിൽ പകരാം.
content highlight: chicken-recipe