മീൻ വിഭവങ്ങൾ ഇഷ്ടമുള്ളവർക്ക് വേണ്ടിയാണ് ഇന്നത്തെ റെസിപ്പി. ചോറിനൊപ്പവും അപ്പത്തിനൊപ്പവുമെല്ലാം ഒരുപോലെ തയാറാക്കാന്‍ പറ്റിയ രുചികരമായ കറിയാണ് മപ്പാസ്. കരിമീൻ എങ്കിൽ മിക്കവർക്കും പ്രിയമാണ്. കരിമീൻ മപ്പാസ് വളരെ രുചികരമായി എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
കരിമീൻ – 1 കിലോഗ്രാം
സവാള അരിഞ്ഞത് – ഒന്ന്
വെളിച്ചെണ്ണ – ആവശ്യത്തിന്
കടുക് – അര ടീസ്പൂൺ
ഉലുവ – അര ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
വറ്റൽ മുളക് – 2 എണ്ണം
പച്ചുമുളക് നെടുകെ പിളർന്നത് – 3 എണ്ണം
ഇഞ്ചി – ഒരു ചെറിയ കഷണം
വെളുത്തുള്ളി – 6 അല്ലികൾ
കുടംപുളി- 2 ഇതൾ
മല്ലിപ്പൊടി – ഒന്നര ടേബിൾസ്പൂൺ
കുരുമുളകുപൊടി – ഒന്നര ടീസ്പൂൺ
മുളകുപൊടി – അര ടീസ്പൂൺ
മഞ്ഞൾപൊടി – ആവശ്യത്തിന്
തേങ്ങാപ്പാൽ – ഒന്നാം പാൽ ¾ കപ്പ്, രണ്ടാം പാൽ 2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചുവട് കട്ടിയുള്ള പാത്രത്തിൽ ആവശ്യത്തിന് വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ഉലുവ, കടുക് എന്നിവ പൊട്ടിച്ച ശേഷം കറിവേപ്പില, വറ്റൽ മുളക്, ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക് എന്നിവ കൂടി ചേർത്ത് വഴറ്റുക.
ഇതിലേക്ക് മല്ലിപൊടി, മുളകുപൊടി, മഞ്ഞൾ പൊടി, ഉപ്പ്, കുടംപുളി എന്നിവ ചേർത്ത് ഇളക്കുക. ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ ചേർക്കാം. തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് മൂടി വച്ച് കരിമീൻ വേവിച്ചെടുക്കുക.
വെന്ത മീനിലേക്ക് കട്ടി തേങ്ങാ പാൽ കൂടി ചേർത്ത്, തിളയ്ക്കുന്നതിന് മുമ്പ് അടുപ്പിൽ നിന്ന് ഇറക്കാം.
content highlight: karimeen-mappas