തിരുവനന്തപുരം: പാര്‍ട്ടിയെ നിരന്തരം വെട്ടിലാക്കുന്ന ശശി തരൂരിന്‍റെ തുടര്‍ച്ചയായ നിലപാടുകളില്‍ കെപിസിസി നേതൃത്വത്തിന് കടുത്ത അതൃപ്തി. പാര്‍ട്ടിക്ക് അതീതനായി പ്രവര്‍ത്തിക്കുന്ന തരൂരിനെ ഹൈക്കമാന്‍റ് നിയന്ത്രിക്കണമെന്നാണ് പൊതുവികാരം. തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിട്ടും തരൂര്‍ മണ്ഡലം തിരിഞ്ഞുനോക്കുന്നില്ലെന്ന വിമര്‍ശനവും കടുത്തിട്ടുണ്ട്.
തിരുത്താന്‍ ശ്രമിച്ചാലും ഒന്നിനുപുറകെ ഒന്നായി ശശി തരൂര്‍ പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കുന്നതിലാണ് സംസ്ഥാന നേതാക്കള്‍ക്ക് അരിശം. സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തിയതിന്‍റെ മാനക്കേട് മാറും മുമ്പാണ് പ്രധാനമന്ത്രി മോദിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് തരൂര്‍ നല്‍കിയത്. പാര്‍ട്ടിക്ക് പുറത്തും സ്വീകാര്യതയുള്ള തരൂര്‍ എതിരാളികളെക്കുറിച്ച് നല്ലത് പറഞ്ഞാല്‍ അതു സമൂഹത്തില്‍ സ്വാധീനമുണ്ടാക്കും എന്നതാണ് ആശങ്ക. നേതാക്കള്‍ ഒന്നാകെ എതിര്‍ത്താലും തിരുത്താന്‍ ശ്രമിച്ചാലും ന്യായങ്ങള്‍ നിരത്തി നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന തരൂര്‍ ശൈലിയാണ് കേരളത്തിലെ നേതാക്കളെ ചൊടിപ്പിക്കുന്നത്.
പാർട്ടി പ്രവര്‍ത്തക സമിതി അംഗമായതിനാല്‍ പാര്‍ട്ടിയെ കുഴപ്പത്തിലാക്കുന്ന തരൂരിന്‍റെ നിലപാടുകളില്‍ സംഘടനാപരമായി ഇടപെടാന്‍ കെപിസിസിക്ക് പരിമിതികളുണ്ട്. ഹൈക്കമാന്‍റ് തന്നെ ഇക്കാര്യത്തില്‍ ഇടപെടട്ടെ എന്നാണ് അവരുടെ പക്ഷം. ഇതിനിടെ മണ്ഡലത്തില്‍ ശശി തരൂര്‍ സജീവമല്ലെന്ന വിമര്‍ശനവും തിരുവനന്തപുരത്തെ നേതാക്കള്‍ അടക്കംപറയുന്നുണ്ട്. വ്യക്തിപ്രഭാവത്തിനും അപ്പുറം തീരദേശ മേഖലയിൽ നിന്ന് ഉള്‍പ്പടെ രാഷ്ട്രീയ വോട്ടുകള്‍ നേടിയാണ് ഇത്തവണ ജയിച്ചതെന്ന ഓര്‍മ്മപ്പെടുത്തല്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ തരൂരിനെ ഓര്‍മ്മപ്പെടുത്തിയതാണ്. എന്നാല്‍ ആരെയും കൂസാത്ത നിലപാടിലാണ് തരൂര്‍. ഇനിയൊരു വിവാദത്തിന് കൂടി ശശി തരൂര്‍ തിരികൊളുത്തിയാല്‍ പുകയുന്ന അതൃപ്തി ആളിക്കത്തുമെന്നാണ് കോണ്‍ഗ്രസ് ക്യാംപുകള്‍ നല്‍കുന്ന സൂചന.