തിരുവനന്തപുരം: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബു കൈക്കൂലി വാങ്ങിയതായി ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർക്കു മുൻപിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പരാതിപ്പെട്ടിട്ടില്ലെന്നു മന്ത്രി കെ.രാജൻ. നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്നാണ് ലഭ്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ ജോയിന്റ് കമ്മിഷണർ കണ്ടെത്തിയതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. ടി.സിദ്ദീഖ്, കെ.ബാബു, ടി.ജെ.വിനോജ്, സനീഷ്കുമാർ ജോസഫ് എന്നിവരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണു മന്ത്രി ജോയിന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ വെളിപ്പെടുത്തിയത്. മറുപടിക്കൊപ്പം പതിവില്ലാതെ, അന്വേഷണ റിപ്പോർട്ട് സംബന്ധിച്ച വിശദീകരണക്കുറിപ്പ് അനുബന്ധമായി ചേർക്കുകയും ചെയ്തു.
പെട്രോൾ പമ്പിന് എതിർപ്പില്ലാ രേഖ നൽകുന്നതിൽ എഡിഎമ്മിന്റെ ഭാഗത്തു കാലതാമസമുണ്ടായിട്ടില്ലെന്നു കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. എഡിഎമ്മിന്റെ യാത്രയയപ്പു ചടങ്ങിലേക്കു പി.പി.ദിവ്യ ക്ഷണിക്കാതെ കയറി വരികയായിരുന്നു. ചടങ്ങു തുടങ്ങാറായോ എന്നറിയാൻ കലക്ടറുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റിനെ ദിവ്യയുടെ സിഎ അന്നേദിവസം പലവട്ടം വിളിച്ചിരുന്നു. പ്രാദേശിക ചാനൽ എത്തി പരിപാടി ചിത്രീകരിച്ചതും ദിവ്യ ആവശ്യപ്പെട്ടിട്ടാണ്. ചടങ്ങിനു ശേഷം നവീൻ ബാബു മാനസിക സമ്മർദത്തിലും വിഷമത്തിലുമായിരുന്നു.
നവീൻബാബുവിന്റെ മരണത്തെക്കുറിച്ചു വിശദമായ പൊലീസ് അന്വേഷണം ആവശ്യമാണെന്നു റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെട്ടാൽ റിപ്പോർട്ടിലെ രേഖകളും മൊഴികളും കൈമാറുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഈ ചോദ്യം സഭയിൽ ഉന്നയിക്കപ്പെട്ട് ഉപചോദ്യങ്ങളുണ്ടാകാതിരിക്കാനുള്ള ‘ജാഗ്രത’ ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായി. സാധാരണ 8 സ്റ്റാർഡ് ചോദ്യം വരെ ഉന്നയിക്കാൻ ചോദ്യോത്തരവേളയിൽ അവസരം നൽകാറുണ്ട്.