Kerala

ദേശീയ തലത്തിൽ പ്രായപരിധി നിബന്ധന കർശനമായി നടപ്പാക്കുമെന്ന് ബൃന്ദ കാരാട്ട്; ‘പിണറായി വിജയൻ പ്രധാന നേതാവ്, ഇളവ് നൽകും’

ചെന്നൈ: മധുരയിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിൽ സിപിഎം ദേശീയ തലത്തിൽ പ്രായപരിധി നിബന്ധന കർശനമായി നടപ്പാക്കുമെന്ന് പൊളിറ്റി ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. തനിക്കിപ്പോൾ 77 വയസാണ് പ്രായം. മധുര പാർട്ടി കോൺഗ്രസോടെ താൻ പൊളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിയും. കേരള മുഖ്യമന്ത്രി പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് നൽകും. ബിജെപി ശക്തമായി എതിർക്കുന്ന സർക്കാരിനെ നയിക്കുന്ന മുതിർന്ന നേതാവ് എന്ന പരിഗണന പിണറായി വിജയന് ലഭിക്കും. കേരള മുഖ്യമന്ത്രിക്ക് നേരത്തെയും ഇളവ് നൽകിയിട്ടുണ്ട്. കൂടുതൽ പുതിയ നേതാക്കൾ നേതൃത്വത്തിൽ എത്തണം. ചെന്നൈയിൽ പാർട്ടി സമ്മേളനത്തിൽ പങ്കെടുത്ത ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവർ.

അതേസമയം നാളെ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ദില്ലിയിൽ ചേരുന്നുണ്ട്. സംഘടനാ റിപ്പോർട്ടാണ് കേന്ദ്ര കമ്മിറ്റി യോഗം ചർച്ച ചെയ്യുക. താൻ ഒഴിയുമെന്ന് ഇതാദ്യമായാണ് ബൃന്ദ കാരാട്ട് വ്യക്തമാക്കുന്നത്. എന്നാൽ ആറോളം പിബി അംഗങ്ങൾ ഒഴിയുന്നത് പാർട്ടി നേതൃത്വത്തിന് മുന്നിലെ വെല്ലുവിളിയാണ്. കഴിഞ്ഞ സമ്മേളന കാലത്ത് 17 അംഗ പിബിയെ ആണ് തെരഞ്ഞെടുത്തത്. അതിൽ കോടിയേരി ബാലകൃഷ്ണനും സീതാറാം യെച്ചൂരിയും വിട പറഞ്ഞതോടെ അംഗസംഖ്യ 15 ആയി കുറഞ്ഞു. ഇവർക്ക് പകരം മറ്റാരെയും പിബിയിലേക്ക് എടുത്തിരുന്നില്ല. 75 വയസ് പ്രായപരിധി കൂടി നടപ്പാക്കുമ്പോൾ സുഭാഷിണി അലി, ബൃന്ദ കാരാട്ട്, മണിക് സർക്കാർ തുടങ്ങി ആറ് പ്രധാന നേതാക്കൾ പിബിയിൽ നിന്ന് ഒഴിയും. ഇതോടെ പാർട്ടി സെക്രട്ടറി പദവിയിലേക്ക് ആര് എന്നതടക്കം ചോദ്യം ശക്തമായി ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിബന്ധനയിൽ സിപിഎം നിലപാട് മയപ്പെടുത്തുമോയെന്ന് ഉറ്റുനോക്കപ്പെടുന്നത്.