കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയെ കാണാന്‍ അനുമതി തേടിയതില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിഷയത്തില്‍ ചില മാധ്യമങ്ങള്‍ സംസ്ഥാനത്തെ ആരോഗ്യവകുപ്പിനേയും ആരോഗ്യമന്ത്രിയേയും ക്രൂശിക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് വളരെ മോശമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രിയെ കാണാന്‍ അപ്പോയിന്റ്‌മെന്റ് തേടിയത് കുറ്റകരമെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം മോശമെന്ന് മന്ത്രി പറഞ്ഞു. അപ്പോയിന്റ്‌മെന്റ് തേടിയത് തെറ്റാണോ എന്ന് ചോദിച്ച മന്ത്രി തനിക്ക് ഊഹാപോഹങ്ങള്‍ക്ക് മറുപടി പറയാന്‍ താത്പര്യമില്ലെന്നും പറഞ്ഞു.
തന്റെ ഡല്‍ഹി സന്ദര്‍ശനത്തിന് രണ്ട് ലക്ഷ്യങ്ങളുണ്ടെന്ന് താന്‍ മുന്‍പ് തന്നെ വിശദീകരിച്ച് കഴിഞ്ഞെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യമന്ത്രിയെ സന്ദര്‍ശിക്കുകയെന്നത് ഒരു ലക്ഷ്യവും ക്യൂബന്‍ സംഘത്തെ കാണുക എന്നത് രണ്ടാമത്തെ ലക്ഷ്യവുമാണ്. ആരോഗ്യമന്ത്രിയെ കാണാനാകുമോ എന്ന് ഉറപ്പില്ലെന്ന് മുന്‍പ് ഡല്‍ഹിയില്‍ വച്ച് മാധ്യമങ്ങളെ കണ്ടവേളയിലും താന്‍ വിശദീകരിച്ചെന്നും ആ ബൈറ്റുകളെല്ലാം യൂട്യൂബില്‍ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. അസത്യ പ്രചരണമാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു. വ്യാഴാഴ്ച ദില്ലി കേരളാ ഹൗസിലെത്തിയ മന്ത്രി ആദ്യം മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.
എന്നാൽ കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ലെന്ന് പിന്നീട് അറിയിക്കുകയായിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി അയച്ച കത്ത് മന്ത്രി പുറത്ത് വിടുകയും ചെയ്തു. ആശ വർക്കർമാരുടെ ഇൻസെന്റീവ് വർധനയാണ് കൂടിക്കാഴ്ചയിലെ ആദ്യ അജണ്ടയായി കത്തിൽ പറയുന്നത്.