Automobile

ഇന്ത്യയില്‍ ആദ്യം; സ്‌പോര്‍ട്‌ഡ്രൈവ് ശ്രേണിയില്‍ ഗ്ലോബല്‍ ടെക്‌നോളജീസ് അവതരിപ്പിച്ച് സിയറ്റ്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടയര്‍ നിര്‍മാതാക്കളായ സിയറ്റ് സ്‌പോര്‍ട്‌ഡ്രൈവ് ശ്രേണിയില്‍ മൂന്ന് നൂതന ടയര്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചതായി പ്രഖ്യാപിച്ചു. പുതിയ മാറ്റത്തോടെ കാം (CALM) സാങ്കേതികവിദ്യ ഉപയോഗിച്ച് മണിക്കൂറില്‍ 300 കി.മീ കൂടുതല്‍ വേഗത കൈകാര്യം ചെയ്യാന്‍ കഴിവുള്ള റണ്‍-ഫ്ലാറ്റ് ടയറുകളും (ആര്‍എഫ്ടി), 21 ഇഞ്ച് ഇസഡ്ആര്‍ റേറ്റഡ് ടയറുകളും നിര്‍മ്മിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ടയര്‍ നിര്‍മാതാവെന്ന നേട്ടവും സിയറ്റ് സ്വന്തമാക്കി.

അള്‍ട്രാ-ഹൈപെര്‍ഫോമന്‍സ്, ലക്ഷ്വറി-ഫോര്‍വീലര്‍ വിഭാഗത്തില്‍ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്ന ഈ സാങ്കേതിക ഫീച്ചറുകള്‍ ഇന്ത്യയുടെ ഓട്ടോമോട്ടീവ് നിര്‍മാണ ശേഷിയിലെ ഒരു സുപ്രധാന നാഴികക്കല്ല് കൂടിയാണ്. ജര്‍മനിയിലെ പ്രമുഖ അന്താരാഷ്ട്ര ഓട്ടോമോട്ടീവ് സൗകര്യങ്ങളില്‍ പരീക്ഷണം പൂര്‍ത്തിയാക്കിയ സിയറ്റിന്റെ ഏറ്റവും പുതിയ ടയര്‍ ഫീച്ചറുകള്‍, പ്രകടനത്തിന്റെയും സുരക്ഷയുടെയും ഉയര്‍ന്ന നിലവാരവും ഉറപ്പാക്കുന്നുണ്ട്.

അള്‍ട്രാലക്ഷ്വറി, ഹൈ-പെര്‍ഫോമന്‍സ് കാറുകള്‍ക്കും എസ്‌യുവികള്‍ക്കും വേണ്ടി രൂപകല്‍പന ചെയ്തവയാണ് ഹൈ പെര്‍ഫോമന്‍സ് സ്‌പോര്‍ട്‌ഡ്രൈവ് ശ്രേണി.

മണിക്കൂറില്‍ 300 കി.മീറ്ററില്‍ കൂടുതല്‍ വേഗത കൈകാര്യം ചെയ്യുന്നതിനായി വികസിപ്പിച്ചെടുത്തതാണ് ഇസഡ്ആര്‍ റേറ്റഡ് ടയറുകള്‍. റോഡ് ശബ്ദം കുറയ്ക്കുന്നതിനും ഡ്രൈവിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനുമായാണ് കാം സാങ്കേതികവിദ്യ രൂപകല്‍പന ചെയ്തിരിക്കുന്നത്. റണ്‍ഫ്ലാറ്റ് ടയറുകള്‍ പഞ്ചറിന് ശേഷവും സുരക്ഷയും ഈടും മനസമാധാനത്തോടെയുള്ള ഡ്രൈവിങും ഉറപ്പാക്കും.

ഡല്‍ഹി എന്‍സിആര്‍, മുംബൈ, കൊല്‍ക്കത്ത, പൂനെ, ചണ്ഡീഗഡ്, ഉത്തര്‍പ്രദേശ്, ബെംഗളൂരു, തമിഴ്‌നാട്, കോയമ്പത്തൂര്‍, മധുര, കേരളം, ഹൈദരാബാദ്, ഗുവാഹത്തി, അഹമ്മദാബാദ് തുടങ്ങിയ പ്രധാന വിപണികളില്‍ സിയറ്റിന്റെ പുതിയ പ്രീമിയം ടയര്‍ ശ്രേണി ഏപ്രില്‍ മുതല്‍ ലഭ്യമാകും. 15000 രൂപ മുതല്‍ 20000 രൂപ വരെയാണ് റണ്‍ഫ്ലാറ്റ് ടയറുകളുടെ വില. 25000 രൂപ മുതല്‍ 30000 രൂപ വരെയാണ് 21 ഇഞ്ച് ഇസഡ്ആര്‍ റേറ്റഡ് അള്‍ട്രാ-ഹൈപെര്‍ഫോമന്‍സ് കാം ടെക്‌നോളജി ടയറുകളുടെ വില.

ആഡംബര വാഹന ഉടമകള്‍ക്കും ഉയര്‍ന്ന പ്രകടനമുള്ള വാഹന ഉടമകള്‍ക്കും സുരക്ഷ, സുഖസൗകര്യങ്ങള്‍, പ്രകടനം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ നൂതനാശയങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് സിയറ്റ് എംഡിയും സിഇഒയുമായ അര്‍ണബ് ബാനര്‍ജി പറഞ്ഞു. റണ്‍-ഫ്ലാറ്റ് ടയറുകള്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയാകുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടയര്‍ എഞ്ചിനീയറിങിലെ മികവ് നേടാനുള്ള തങ്ങളുടെ അശ്രാന്ത പരിശ്രമത്തിന്റെ തെളിവാണ് സിയറ്റിന്റെ ഏറ്റവും പുതിയ ആശയങ്ങളെന്ന് സിയറ്റ് സിഎംഒ ലക്ഷ്മി നാരായണന്‍ ബി അഭിപ്രായപ്പെട്ടു.