ആശ പ്രവർത്തകരുടേത് രാഷ്ട്രീയ സമരമെന്ന് സിപിഎം പിബി അംഗം എ വിജയരാഘവൻ. കേന്ദ്ര ഗവൺമെന്റ് പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ആളുകളുടെ ശമ്പളം സംസ്ഥാന സർക്കാർ തരണമെന്ന് പറയുന്നത് വസ്തുതകളുമായി ബന്ധപ്പെട്ടതല്ല. കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് സമരമെന്ന് അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ വിരുദ്ധ ശക്തികൾ കുറച്ചുപേരെ അവിടെ സമരത്തിന് ഇരുത്തിയിരിക്കുകയാണ്. അങ്ങനെ കുറച്ച് ആളുകളെ കൊണ്ട് ഇരുത്തിയാൽ അത് സമരമെന്ന് പറയാൻ പറ്റില്ല. സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്ന വിഷയങ്ങൾ അല്ല സമരത്തിൽ വിഷയമാക്കിയിട്ടുള്ളത്. 90% ആശാവർക്കർമാരും സമരത്തിൽ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആശാവർക്കർമാരുടെ സമരത്തിൽ നിഷേധാത്മകമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ഇൻസെന്റീവ് വർദ്ധിപ്പിക്കുന്നതിൽ ഉറപ്പ് വന്നിട്ടില്ല. മന്ത്രി വീണാ ജോർജിന്റെ ദില്ലി സന്ദർശനം സംബന്ധിച്ച് മന്ത്രി തന്നെ വ്യക്തമാക്കിയതാണ്. സമരം ചെയ്യുന്നത് കമ്യൂണിസ്റ്റ് വിരുദ്ധൻമാരാണ്. എല്ലാ ഇടതുപക്ഷ വിരുദ്ധരും മാധ്യമങ്ങളിലെ വലതുപക്ഷവും ചേർന്ന് നടത്തുന്ന സമരമാണിത്. ജമാ അത്തെ ഇസ്ലാമി, കോൺഗ്രസ്, തുടങ്ങി സിപിഎം വിരുദ്ധർ ചേർന്ന് കുറച്ചു പേരെ കൊണ്ടിരുത്തിയാൽ സമരമാവില്ലെന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു.