Kerala

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസ്; അമ്മ കസ്റ്റഡിയിൽ

പെരുമ്പാവൂർ കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാരെ അമ്മയുടെ ആൺസുഹൃത്ത് പീഡിപ്പിച്ച കേസിൽ പെൺകുട്ടികളുടെ അമ്മ കസ്റ്റഡിയിൽ. അറസ്റ്റിലായ ധനേഷ് പെൺകുട്ടികളെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെയായിരുന്നുവെന്ന് മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കുറുപ്പംപടി പൊലീസ് അമ്മയെ പ്രതിയാക്കി പുതിയ കേസെടുത്തത്.

പെൺകുട്ടികൾ പീഡനത്തിനിരയായ വിവരം അമ്മ അറിഞ്ഞിട്ടും മറച്ചുവെക്കുകയായിരുന്നു. ധനേഷിനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാനോ തടയാനോ ഇവർ ശ്രമിച്ചിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

അന്വേഷണ സംഘം പെൺകുട്ടികളുടെ അമ്മയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ഇന്ന് വിളിപ്പിച്ചിരുന്നു, ഈ ചോദ്യം ചെയ്യലിന് ശേഷമാണ് ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

തുടർച്ചയായി 2 വർഷമാണ് ധനേഷ് പെൺകുട്ടികളെ പീഡിപ്പിച്ചത്. തുടർ പീഡനങ്ങൾ നടന്നത് അമ്മയുടെ അറിവോടെയായിരുന്നു. പീഡനവിവരം കുട്ടികൾ അമ്മയോട് പറഞ്ഞിരുന്നുവെങ്കിലും പ്രതിക്ക് വീണ്ടും അതിനുള്ള അവസരം ഇവർ ഒരുക്കി കൊടുക്കുകയായിരുന്നു.

പെൺകുട്ടികളുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് ധനേഷ് പീഡനം തുടർന്നിരുന്നത്. പെൺകുട്ടികൾ സുഹൃത്തുക്കൾക്ക് കത്ത് എഴുതിയത്തോടെയാണ് പീഡന വിവരം പുറത്ത് വന്നത്. ലൈംഗിക വൈകൃതത്തിന് ഉടമയാണ് പിടിയിലായ ധനേഷ് എന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

Latest News