ലാൻഡ് ചെയ്ത് യാത്രക്കാരെ ഇറക്കിക്കൊണ്ടിരിക്കേ വിമാനത്തിനുള്ളിൽ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂഡൽഹിയിൽനിന്നുവന്ന എയർ ഇന്ത്യയുടെ AI2845 നമ്പർ വിമാനത്തിലെ യാത്രക്കാരനാണ് മരിച്ചത്. സീറ്റ് ബെൽറ്റിട്ട നിലയിലായിരുന്നു മൃതദേഹം. ലഖ്നൗ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. മരിച്ചത് ബിഹാർ ഗോപാൽഗഞ്ച് സ്വദേശിയായ ആഷിഫ് ദോലാ അൻസാരി ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
സീറ്റ് ബെൽറ്റ് നീക്കം ചെയ്യുകയോ ഭക്ഷണം തൊട്ടുനോക്കുകയോ ചെയ്തിട്ടില്ലാത്തതിനാൽ യാത്രയ്ക്കിടെ വിമാനത്തിനുള്ളിൽവെച്ചുതന്നെ മരണം സംഭവിച്ചിരിക്കാമെന്നാണ് കരുതുന്നത്. ഭക്ഷണം വെച്ചിരുന്ന ട്രേയും വെള്ളവും മറ്റും നീക്കം ചെയ്യാനായി ഫ്ളൈറ്റ് അറ്റെൻഡന്റ് സമീപിച്ചപ്പോൾ യാത്രക്കാരൻ പ്രതികരിക്കുന്നുണ്ടായിരുന്നില്ല. സമീപത്തുണ്ടായിരുന്ന യാത്രക്കാരനായ ഡോക്ടർ പരിശോധിച്ചപ്പോഴാണ് മരണം സംഭവിച്ചുവെന്ന് മനസിലാക്കിയത്.
എയർപോർട്ട് മെഡിക്കൽ ടീം യാത്രക്കാരന് പ്രഥമ ശുശ്രൂഷ നൽകിയശേഷം അഡ്വാൻസ് ലൈഫ് സപ്പോർട്ട് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവിടെവെച്ചാണ് മരണം സ്ഥിരീകരിച്ചത്. സംഭവത്തിൽ അന്താരാഷ്ട്ര വിമാനത്താവള വക്താവ് അനുശോചനം രേഖപ്പെടുത്തി. സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരന്റെ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല.
STORY HIGHLIGHT: passenger dies air india flight