കോഴിക്കോട് താമരശ്ശേരിയിൽ യുവാവ് എംഡിഎംഎ വിഴുങ്ങി. ഫായിസിന്റെ വയറ്റിൽ നിന്ന് എംഡിഎംഎ കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ സ്‌കാനിങ്ങിലാണ് വയറ്റിൽ എംഡിഎംഎ കണ്ടെത്തിയത്.
ആദ്യഘട്ട പരിശോധനയിൽ വയറ്റിൽ എംഡിഎംഎ എന്ന് സംശയിക്കുന്ന വസ്തു കണ്ടെങ്കിലും ഇത് എംഡിഎംഎ യാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലായിരുന്നു. തുടർന്നാണ് വിദഗ്‌ധ പരിശോധന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തുന്നത്.
ചുടലമുക്കിലെ വീട്ടിൽ നിന്നാണ് ഫായിസിനെ പൊലീസ് പിടികൂടിയത്. അമ്മയെയും ഭാര്യയെയും കുഞ്ഞിനെയും കൊല്ലുമെന്ന് പറഞ്ഞ് ഇയാൾ വീട്ടിൽ ബഹളം വെക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു.
പിടികൂടി പൊലീസിൽ ഏൽപ്പിക്കുന്നതിനിടയിൽ എംഡിഎംഎ വിഴുങ്ങി എന്ന് നാട്ടുകാർ സംശയം പ്രകടിപ്പിക്കുകയായിരുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇയാളെ വിദഗ്ധ പരിശോധനയ്ക്കായാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.