കർണാടകയിൽ വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത 12 മണിക്കൂർ ബന്ദ് ഇന്ന്. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ബന്ദ്. കർണാടക – മഹാരാഷ്ട്ര അതിർത്തിയായ ബെലഗാവിയിൽ മറാത്ത സംഘടനകളും കന്നഡ സംഘടനകളും തമ്മിലുണ്ടായ സംഘർഷങ്ങളിൽ പ്രതിഷേധിച്ചാണ് കന്നഡ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സ്കൂളുകൾക്കോ കോളജുകൾക്കോ അവധി പ്രഖ്യാപിച്ചിട്ടില്ല. ചില ഓട്ടോ, ടാക്സി യൂണിയനുകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ചില ബിഎംടിസി ബസ് യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബസ് ഗതാഗതം വലിയ തോതിൽ തടസ്സപ്പെടാൻ സാധ്യതയില്ല.
മെട്രോ സർവീസുകൾ സാധാരണ നിലയിൽ നടക്കും. സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയിട്ടുണ്ട്. സംഘർഷങ്ങൾ ഒഴിവാക്കാൻ പൊലീസ് സുരക്ഷ കർശനമാക്കി.