കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് ഇന്ന് തുടക്കം. നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടും. കഴിഞ്ഞ സീസണില്‍ കിരീടം നേടിയ ടീമില്‍ കാര്യമായ അഴിച്ചു പണികളുമായാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. ആര്‍സിബി രജത് പടിദാറനെന്ന പുതുമുഖ നായകന്റെ കീഴിലാണ് ഇറങ്ങുന്നത്. കൊല്‍ക്കത്തയെ കിരീടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യര്‍ ഇത്തവണ പഞ്ചാബ് കിങ്‌സ് നായകനാണ്. കൊല്‍ക്കത്തയെ വെറ്ററന്‍ താരം അജിന്‍ക്യ രഹാനെയാണ് നയിക്കുന്നത്.
ഇന്ന് മുതൽ മെയ് 25 വരെയാണ് പോരാട്ടങ്ങൾ. മെയ് 25നാണ് ഫൈനൽ.
ഇന്ന് വൈകീട്ട് 7.30 മുതലാണ് ഉദ്ഘാടന മത്സരം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം അരങ്ങേറുന്നത്. ജിയോ സിനിമ, ഹോട്ട്‌സ്റ്റാര്‍ വഴി തത്സമയം കാണാം. ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകള്‍ വഴിയും കാണാം.
10 ടീമുകള്‍ 74 മത്സരങ്ങള്‍
പത്ത് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 74 മത്സരങ്ങളാണുള്ളത്. ടീമുകളെ രണ്ട് ഗ്രൂപ്പുകളാക്കിയാണ് മത്സരം.
ഗ്രൂപ്പ് എയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, പഞ്ചാബ് കിങ്‌സ്.
ഗ്രൂപ്പ് ബിയില്‍ മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകള്‍.
സ്വന്തം ഗ്രൂപ്പിലെ ടീമുകളുമായും രണ്ടാം ഗ്രൂപ്പിലെ ടീമുകളുമായും ഒരു ടീമിനു ഹോം, എവേ പോരാട്ടങ്ങള്‍ ഉണ്ടാകും.
മഴ ഭീഷണി
കൊല്‍ക്കത്തയില്‍ ഓറഞ്ച് അലര്‍ട്ടാണ് ഇന്ന്. ഉദ്ഘാടന മത്സരത്തില്‍ മഴ വില്ലനാകുമോയെന്ന ആശയങ്കയുണ്ട്.
ഉദ്ഘാടനം കളറാകും
അര മണിക്കൂര്‍ നീളുന്ന ഉദ്ഘാടന കലാ പരിപാടികളോടെയാണ് 18ാം അധ്യായത്തിന്റെ തിരശ്ശീല ഉയരുക. ബോളിവുഡ് താരം ദിഷ പഠാനി, ഗായിക ശ്രേയ ഘോഷാല്‍, ഗ്ലോബല്‍ സൂപ്പര്‍ സ്റ്റാര്‍ കരണ്‍ ഔജില എന്നിവരുടെ പരിപാടികള്‍ ചങ്ങിനെ കളറാക്കും.
content highlight: IPL 2025