Kerala

സഹോദരിക്കൊപ്പം കളിക്കുന്നതിനിടെ ഓടയിൽ വീണു; മൂന്ന് വയസുകാരന് ദാരുണാന്ത്യം

സഹോദരിക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ഓടയിൽ വീണ് മൂന്ന് വയസുകാരൻ ദാരുണാന്ത്യം. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ഖജൂരി ഖാസ് മേഖലയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.

വിശ്വജിത്ത് കുമാർ (3) ആണ് മരിച്ചത്. എട്ട് വയസുകാരിയായ മൂത്ത സഹോദരിക്കൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയായിരുന്നു ദാരുണമായ അപകടം.

ഉച്ചയ്ക്ക് 1.40നാണ് അപകടം സംബന്ധിച്ച് വിവരം ലഭിച്ചതെന്ന് പൊലീസ് പറ‌ഞ്ഞു. തുറന്നുകിടന്ന ഓടയിൽ കുട്ടി വീണുവെന്നാണ് അവിടെയെത്തിയപ്പോൾ മനസിലായത്.

കുട്ടിയെ പുറത്തെടുത്ത് ഉടൻ തന്നെ ജെപിസി ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.