തിരുവനന്തപുരം: വെള്ളാർ ജംഗ്ഷന് സമീപം ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ ടിപ്പര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം. ബീമാപള്ളി ചെറിയതുറ ലൂർദ്ദ് മാതാ നഗർ കുരിശ്ശടി വിളാകം സ്വദേശി ഷീല എന്ന മാഗ്ളിൽ ജോസ് (55) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ച ഭര്‍ത്താവ് ജോസ് ബെർണാഡിന് പരിക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ വിഴിഞ്ഞം മുല്ലൂരിലെ ഹോമിയോ ആശുപത്രിയിൽ പോയി തിരികെ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. തുറമുഖ നിർമാണ സ്ഥലത്ത് കല്ല് ഇറക്കിയ ശേഷം തിരികെ പോയ ടിപ്പറാണ് സ്കൂട്ടറിൽ ഇടിച്ചത്. സ്കൂട്ടറിൽ നിന്നും തെറിച്ച് വീണ ഷീലയുടെ തലയുടെ ഭാഗത്ത് ടിപ്പറിൻ്റെ പിൻ ചക്രം കയറി ഇറങ്ങുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബിനോയ് ജോസ്, ബിജോയ് ജോസ് എന്നിവർ മക്കളാണ്. തിരുവല്ലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ടിപ്പർ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.