ചെന്നൈ: മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിളിച്ച യോഗം ഇന്ന് ചെന്നൈയിൽ നടക്കും. യോഗത്തിൽ 7 സംസ്ഥാനങ്ങളിലെ നേതാക്കൾ പങ്കെടുക്കും.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരുടെ സാന്നിധ്യം ആണ് യോഗത്തിന്റെ സവിശേഷത. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പി.എം.എ.സലാം തുടങ്ങിയവരും കേരളത്തിൽ നിന്ന് പങ്കെടുക്കും. അതേസമയം ഡിഎംകെ നാടകം കളിക്കുന്നു എന്നാരോപിച്ച് ബിജെപി തമിഴ്നാട്ടിലെ വീടുകൾക്ക് മുന്നിൽ ഇന്ന് കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
വരാനിരിക്കുന്ന മണ്ഡല പുനർ നിർണയം ദക്ഷിണേന്ത്യയിലെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണത്തെ ബാധിക്കുമെന്നാണ് സ്റ്റാലിൻ കുറ്റപ്പെടുത്തുന്നത്. സീറ്റുകൾ കുറയ്ക്കാൻ അനുവദിക്കില്ലെന്നാണ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവ കുമാർ വിശദമാക്കിയത്. ഫെഡറലിസം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരായ സ്റ്റാലിന്റെ പ്രവർത്തനങ്ങളെ ഡി കെ ശിവകുമാർ അഭിനന്ദിച്ചു.