കൊച്ചി: ഉപഭോക്താക്കളുടെ അഭിരുചികള്‍ക്കനുസരിച്ച് പുതിയ രുചിയിലും രൂപത്തിലും കൂടുതല്‍ ഗുണമേൻയോടെ വൈവിധ്യമാര്‍ന്ന പാക്കിംഗില്‍ മില്‍മ ഐസ്ക്രീം റീ ലോഞ്ച് ചെയ്തു. റി-പൊസിഷനിംഗ് മില്‍മ 2023 പദ്ധതിയുടെ ഭാഗമായാണ് വിപുലമായ ക്രമീകരണങ്ങളും നവീകരണവും വരുത്തി മില്‍മ ഐസ്ക്രീം വിപണി കീഴടക്കാനെത്തുന്നത്.
മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എസ് മണി പുതിയ ലേബല്‍ ഐസ്ക്രീം പുറത്തിറക്കി. പരമ്പരാഗത വിപണനതന്ത്രം കൊണ്ട് മുന്നോട്ടു പോകാനാകില്ലെന്ന തിരിച്ചറിവിന്‍റെ ഭാഗമായാണ് പരിഷ്കരണ നടപടികള്‍ എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത റിപൊസിഷനിംഗ് മില്‍മ 2023 പദ്ധതി പ്രകാരം ആദ്യ ഘട്ടത്തില്‍ പാല്‍, തൈര്, നെയ്യ്, ഫ്ളേവേഡ് മില്‍ക്ക് എന്നീ ഉത്പന്നങ്ങളും തുടര്‍ന്ന് വെണ്ണ, പനീര്‍, പേഡ, സംഭാരം എന്നിവയുടെയും ഗുണനിലവാരവും പായ്ക്കിംഗുമാണ് ഏകീകരിച്ചതെന്ന് കെ എസ് മണി ചൂണ്ടിക്കാട്ടി.
ഈ പദ്ധതി ഐസ്ക്രീം ഉത്പന്നങ്ങളിലേക്കും കൊണ്ടു വരുന്നതിന്‍റെ ഭാഗമായാണ് പുതിയ പരിഷ്കാരം വരുത്തിയത്. മില്‍മ ഉപഭോക്താക്കളുടെ ഇഷ്ട ഫ്ളേവറുകളായ വാനില, സ്ട്രോബെറി, ചോക്ലേറ്റ്, മാംഗോ, ബട്ടര്‍സ്കോച്ച് തുടങ്ങിയ്ക്കൊപ്പം മറ്റ് ഫ്ളേവറുകളും ഒരേ രുചി, ഗുണനിലവാരം, പാക്കിംഗ്, എന്നിവയിലൂടെ വിപണിയിലേക്കെത്തുമെന്നും അദ്ദേഹം അറിയിച്ചു.
പ്ലാന്‍റ് പരിഷ്കരണം, അസംസ്കൃത വസ്തുക്കളുടെ ഏകീകരണം, കേന്ദ്രീകൃത പര്‍ച്ചേസ് സംവിധാനം തുടങ്ങിയവ നടപ്പാക്കിയാണ് ഐസ്ക്രീമിന്‍റെ ഏകീകരണം മില്‍മ സാധ്യമാക്കിയത്. കാലത്തിനൊത്ത മാറ്റങ്ങള്‍, കെട്ടിനും മട്ടിലും വരുത്തിയാണ് ഐസ്ക്രീമിന്‍റെ റീ ലോഞ്ച് മില്‍മ നടത്തിയതെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
മില്‍മ ഐസ്ക്രീമിന് ആവശ്യക്കാരേറെയുണ്ടെങ്കിലും ശീതീകരണ ശൃംഖലയുടെ അഭാവം മുന്‍കാലങ്ങളില്‍ ബാധിച്ചിരുന്നു. ഇത് മറി കടക്കാന്‍ മേഖലാ യൂണിയനുകള്‍ മുന്‍കയ്യെടുത്ത് വിതരണ ശൃംഖല ശക്തിപ്പെടുത്തുന്ന നടപടി ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
ക്ലാസിക്, പ്രീമിയം, റോയല്‍(ഹൈ പ്രീമിയം) എന്നീ വിഭാഗങ്ങളിലാണ് മില്‍മ ഐസ്ക്രീം വിപണിയിലിറക്കുന്നത്. ഇതില്‍ റെഡ് വെല്‍വെറ്റ്, അറേബ്യന്‍ ഡേറ്റ്സ് തുടങ്ങിയ റോയല്‍ ഫ്ളേവറുകളുടെ ഗവേഷണങ്ങള്‍ അവസാനഘട്ടത്തിലാണ്. രാജ്യമൊട്ടാകെ മില്‍മ ഐസ്ക്രീമുകള്‍ ഒരേ രൂപത്തിലും സ്വാദിലുമായിരിക്കും ഇനി മുതല്‍ ലഭിക്കുന്നത്.
മില്‍മ ഫെഡറേഷന്‍ എംഡി ആസിഫ് കെ യൂസഫ്, എറണാകുളം മേഖലായൂണിയന്‍ ചെയര്‍മാന്‍ സി എന്‍ വത്സലന്‍ പിള്ള, തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ്, മലബാര്‍ മേഖലാ യൂണിയന്‍ എം ഡി കെ സി ജെയിംസ്, ഇആര്‍സിഎംപിയു എം ഡി വില്‍സണ്‍ ജെ പുറവക്കാട്ട് എന്നിവര്‍ സംസാരിച്ചു.