ലോക ജലദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന പരിസ്ഥിതിസംഗമം 2025 മാര്‍ച്ച് 24 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. നവകേരളത്തിനായി ജലസുരക്ഷ സമീപനരേഖയുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിക്കും. 24 ന് വൈകിട്ട് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അദ്ധ്യക്ഷത വഹിക്കും. ജലസുരക്ഷ, പരിസ്ഥിതി പുനസ്ഥാപനം, മാലിന്യപരിപാലനം എന്നീ മേഖലകളില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനതലങ്ങളില്‍ നടന്ന മികച്ച പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടുത്തിയാണ് സംഗമം സംഘടിപ്പിക്കുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പരിസ്ഥിതി പുനസ്ഥാപന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ച വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആദരവ് നല്‍കും. നെറ്റ്‌സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ മൊബൈല്‍ ആപ്പ് പ്രകാശനവും, ക്യാമ്പയിന്‍ മാര്‍ഗരേഖ പ്രകാശനവും ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിക്കും. നവകേരളത്തിന്റെ പരിസ്ഥിതി മികവുകള്‍ പ്രബന്ധ സമാഹാരം പ്രകാശനവും മാപത്തോണിന്റെ ഭാഗമായി തയ്യാറാക്കിയ ഭൂപടം പ്രകാശനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. ആന്റണി രാജു എം.എല്‍.എ, ശശിതരൂര്‍ എം.പി എന്നിവര്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ എസ്. നവകേരളം ന്യൂസ് ലെറ്ററിന്റെ 50-ാം പതിപ്പ് പ്രകാശനം ചെയ്യും. പദ്ധതി നിര്‍വഹണ വിലയിരുത്തല്‍ നിരീക്ഷണ വകുപ്പ് സെക്രട്ടറി എസ്.ഹരികിഷോര്‍ ഐ.എ.എസ്, തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി. അനുപമ ഐ.എ.എസ്., കെ.എസ്.ഡബ്യു.എം.പി.പ്രോജക്ട് ഡയറക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യു.വി. ജോസ് ഐ.എ.എസ്, തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാര്‍, ആസൂത്രണ ബോര്‍ഡ് മെമ്പര്‍ ഡോ.ജിജു.പി.അലക്‌സ്, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ കേരള ജനറല്‍ സെക്രട്ടറി എം.കൃഷ്ണദാസ്, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ബി.പി.മുരളി, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്.മിഷന്‍ ഡയറക്ടര്‍ രവിരാജ് ആര്‍, ക്ലീന്‍കേരള കമ്പനി മാനേജിംഗ് ഡയറക്ടര്‍ ജി.കെ.സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിക്കും.
നവകേരളം കര്‍മ പദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍.സീമ സ്വാഗതവും പദ്ധതി നിര്‍വഹണ വിലയിരുത്തല്‍ നിരീക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ രജത്ത് നന്ദിയും പറയും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഹരിതകേരളം മിഷന്‍ പ്രതിനിധികള്‍, കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ സംഗമത്തിന്റെ ഭാഗമാകും. 2025 ലെ ലോക ജലദിനത്തിന്റെ പ്രതിപാദ്യ വിഷയം ‘ഹിമാനികളുടെ സംരക്ഷണം’ എന്നതാണ്. പാരിസ്ഥിതിക മേഖലയില്‍ ഹരിതകേരളം മിഷന്റെ ഏകോപനത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുമായി ഏറെ ചേര്‍ന്നു നില്‍ക്കുന്നതാണ് ഈ വിഷയം. അതുകൊണ്ട് തന്നെ ലോകജലദിനവുമായി ബന്ധപ്പെട്ടാണ് പരിസ്ഥിതി സംഗമം സംഘടിപ്പിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഏകോപനവും സാങ്കേതിക സാമ്പത്തിക പിന്തുണയും ഉറപ്പാക്കി ഹരിതകേരളം മിഷന്‍ ജലസംരക്ഷണ മേഖലയില്‍ ഇതിനകം മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ ജലബജറ്റ് തയ്യാറാക്കി ജലസുരക്ഷാ പ്രവര്‍ത്തനങ്ങളിലേക്ക് പോകുവാനും,’സുരക്ഷിതമാക്കാം പശ്ചിമഘട്ടം’ ക്യാമ്പയിന്റെ ഭാഗമായി നീര്‍ച്ചാലുകളുടെ മാപിംഗ് ശാസ്ത്രീയമായും, കൃത്യതയോടെയും നടത്തി അവയുടെ വീണ്ടെടുപ്പിനു തുടക്കം കുറിക്കുന്ന പ്രവര്‍ത്തനങ്ങളും വിജയകരമായി നടപ്പിലാക്കി വരുന്നു. നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ലക്ഷ്യമിട്ട് ‘ഇനി ഞാനൊഴുകട്ടെ’ ക്യാമ്പയിന്റെ മൂന്നാംഘട്ടം പുരോഗമിക്കുമ്പോള്‍ നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പില്‍ ഗണ്യമായ നേട്ടം കൈവരിക്കുന്നതിനും ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഹരിത ടൂറിസം കേന്ദ്രങ്ങള്‍,ഹരിത ടൗണുകള്‍, ഹരിത സ്ഥാപനങ്ങള്‍, ഹരിത വിദ്യാലയങ്ങള്‍, ഹരിത കലാലയങ്ങള്‍ തുടങ്ങിയവയുടെ പ്രഖ്യാപനങ്ങളും പുരോഗമിക്കുന്നു. ജനകീയ പങ്കാളിത്തത്തോടെ ഇത്തരത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, വ്യക്തികള്‍, വിവിധ സ്ഥാപനങ്ങള്‍, സംഘടനകള്‍ തുടങ്ങിയവരുടെ അനുഭവം പങ്കുവയ്ക്കുന്നതിനും വിദഗ്ധരുടെ അഭിപ്രായം തേടുന്നതിനും ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയവരെ ആദരിക്കുന്നതിനുമായുള്ള വേദി കൂടിയായി ‘പരിസ്ഥിതി സംഗമം’ മാറുമെന്ന് ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍. സീമ പറഞ്ഞു.
CONTENT HIGH LIGHTS;World Water Day: Haritha Keralam Mission Environmental Conference from tomorrow; Chief Minister to inaugurate