തങ്ങളുടെ വീടിന്റെ വില്‍പ്പന കഴിഞ്ഞ വിവരം അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് അരിസോണയിലെ ഒരു വീടിന്റെ ഉടമസ്ഥർ. രണ്ട് ലക്ഷം ഡോളറിനാണ്(ഏകദേശം 1.7 കോടി രൂപ) രണ്ട് പേര്‍ ചേര്‍ന്ന് ദമ്പതികളുടെ വീട് വിറ്റത്. ആന്‍ഡ്രിയ ടേണര്‍ എന്ന യുവതിയുടെയും അവരുടെ മുന്‍ഭര്‍ത്താവ് കെയ്ത്തിന്റെയും പേരിലുള്ളതായിരുന്നു വീട്. മാരികോപ കൗണ്ടി റെക്കോര്‍ഡേര്‍സ് ഓഫീസ് വെബ്‌സൈറ്റില്‍ വീടിന്റെ രേഖകള്‍ അപ്‌ലോഡ് ചെയ്തതോടെയാണ് വീടിന്റെ വില്‍പ്പന നടന്ന വിവരം ആന്‍ഡ്രിയ അറിയുന്നത്.
വിവാഹമോചിതരാകുന്നതിന് മുമ്പ് ആന്‍ഡ്രിയയും കെയ്തും ഈ വീട്ടിലാണ് താമസിച്ചിരുന്നത്. വിവാഹമോചനത്തോടെ ആന്‍ഡ്രിയ ഈ വീട്ടില്‍ നിന്ന് മാറി. യാത്രകള്‍ ഇഷ്ടപ്പെടുന്ന കെയ്ത് കൂടുതല്‍ സമയവും യാത്രയിലായിരിക്കും. ഈ സമയമെല്ലാം വീട് ഒഴിഞ്ഞാണ് കിടക്കുക. ഇത് മുതലെടുത്താണ് ചിലര്‍ വീട് കയ്യേറിയത്. ആരുമറിയാതെ വീടിനുള്ളില്‍ കടന്ന രണ്ടുപേര്‍ ഇവിടെ നിന്ന് രേഖകള്‍ കണ്ടെടുക്കുകയും വില്‍ക്കാനാവശ്യമുള്ള രേഖകള്‍ കൃത്രിമമായി ഉണ്ടാക്കുകയുമായിരുന്നു. വീടിന്റെ ഉടമസ്ഥരെന്ന വ്യാജ രേഖയുണ്ടാക്കിയാണ് തട്ടിപ്പുകാര്‍ വീട് വിറ്റത്.
51കാരനായ ആരോണ്‍ പോള്‍മാന്റര്‍, 37-കാരനായ ലേഡേര ഹൊളന്‍ എന്നിവരാണ് തട്ടിപ്പ് നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീടിനുള്ളില്‍ യഥാര്‍ത്ഥ ഉടമസ്ഥരുടെ രേഖകള്‍ ഉണ്ടായിരുന്നുവെന്നും ഇതനുസരിച്ച് തട്ടിപ്പുകാര്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടാക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഇത്തരം തട്ടിപ്പുകള്‍ ഉണ്ടാകാതിരിക്കാന്‍ ദീര്‍ഘനാള്‍ വീടുകള്‍ അടച്ചിട്ട് പോകുന്നവര്‍ ശ്രദ്ധിക്കണമെന്നും, ചെറിയ സൂചനകള്‍ പോലും പൊലീസില്‍ അറിയിക്കണമെന്നും ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.
STORY HIGHLIGHTS : US couple’s home sold for ₹1.72 crore, they had no idea