ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍നിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് മൂന്നംഗ സമിതി രൂപവത്കരിച്ച് സുപ്രീംകോടതി. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ജോലികളില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുപ്രീംകോടതി അറിയിച്ചു.
ചീഫ് ജസ്റ്റിസ് സഞ്ജിവ് ഖന്നയാണ് സമിതി രൂപവത്കരിച്ചത്. പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരാണ് അംഗങ്ങള്‍.
ഒരാഴ്ച മുമ്പ് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയിലുണ്ടായ തീപ്പിടിത്തത്തെത്തുടര്‍ന്ന് തീ കെടുത്താന്‍ സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങളാണ് പണം കണ്ടെത്തിയതെന്നാണ് വിവരം. എന്നാല്‍, അഗ്‌നിശമന സേനാംഗങ്ങള്‍ പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് മേധാവി അതുല്‍ ഗാര്‍ഗ് പ്രതികരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പണം കണ്ടെടുത്തിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് വിശദീകരിച്ച് ശനിയാഴ്ച അദ്ദേഹം രംഗത്തെത്തിയിരുന്നു. പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. യശ്വന്ത് വര്‍മ കുറ്റക്കാരന്‍ ആണെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ അദ്ദേഹത്തിനെതിരെ കടുത്ത നടപടി ഉണ്ടാകും.
STORY HIGHLIGHT: allegations against justice yashwant varma