വെള്ളച്ചാട്ടങ്ങളുടെ നാടാണ് ഇടുക്കി. വേനൽക്കാലത്ത് നീരൊഴുക്ക് നിലയ്ക്കുന്ന വെള്ളച്ചാട്ടങ്ങൾ മഴക്കാലമാകുന്നതോടെ സജീവമാകും. ഉപ്പുതറ കല്ലാറ്റുപാറ അടുത്ത കാലം വരെ വിനോദ സഞ്ചാരികൾക്ക് അത്ര പരിചിതമല്ല. എന്നാൽ ഇപ്പോൾ ദിവസേന നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. തമിഴ്നാട്ടിൽ നിന്ന് ഉൾപ്പെടെയുള്ള സഞ്ചാരികൾ കല്ലാറ്റുപാറയുടെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നുണ്ട്. മണിക്കൂറുകളോളം വെള്ളച്ചാട്ടത്തിൽ ഉല്ലസിച്ചാണ് ഇവർ മടങ്ങുന്നതും. വാഗമണ്ണിൽ നിന്ന് ഓഫ് റോഡ് സവാരി നടത്തിയാണ് സഞ്ചാരികൾ കല്ലാറ്റുപാറയിൽ എത്തുന്നത്.
വനത്തിനുള്ളിലെ പാറക്കെട്ടുകളിൽ തട്ടി പതഞ്ഞ് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടമാണിത്. അതിൽ ചാടി മറിഞ്ഞ്, എല്ലാം മറന്ന് കുറേ സമയം. മനസിനേയും ശരീരത്തേയും ഒരുപോലെ തണുപ്പിച്ച് ഒഴുകുകയാണ് കല്ലാറ്റുപാറ വെള്ളച്ചാട്ടം. വളകോട്ടിൽ നിന്നും കണ്ണംപടി ഗോത്രവർഗ കുടയിലേക്കുള്ള പാതയോരത്താണ് കല്ലാറ്റുപാറ വെള്ളച്ചാട്ടം. എത്ര കണ്ടാലും മതിവരാത്ത വെള്ളച്ചാട്ടമാണ് കല്ലാറ്റുപാറയിലേത്. വന്യജീവി സങ്കേതത്തിന്‍റെ ഭാഗമായ വാഗവനത്തിന്‍റെ മലഞ്ചെരുവുകളിൽ നിന്നുമാണ് അരുവി ഉത്ഭവിക്കുന്നത്. വെള്ളം വീഴുന്ന ഭാഗത്ത് ആഴക്കുറവ് ഉള്ളതുകൊണ്ടുതന്നെ ഇവിടെയെത്തുന്ന ആർക്കും ഒന്നിറങ്ങാൻ തോന്നും.
വാഗമണ്ണിലേക്കും തേക്കടിയിലേക്കും എത്തുന്ന വിനോദ സഞ്ചാരികൾ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും കേട്ടറിഞ്ഞ് ഇവിടേക്കും എത്തുന്നത് ഇപ്പോൾ പതിവാണ്. ഒരിക്കൽ ഇവിടം കണ്ട് മടങ്ങിയവർ വീണ്ടും ഇതേ സ്ഥലത്തേക്ക് എത്തുന്നു എന്നതും ശ്രദ്ധേയമാണ്. അവധി ദിവസങ്ങളിലാണ് ഇവിടേ തിരക്കേറുന്നത്. മാലിന്യമുക്തമായ ഇടം എന്നതും ഇവിടം ഇഷ്‌ടപ്പെടാനുള്ള കാരണങ്ങളിൽ ഒന്നാണെന്ന് വിനോദ സഞ്ചാരികൾ പറയുന്നു. ഇവിടേക്ക് എത്തുന്ന സഞ്ചാരികളെല്ലാം മാലിന്യമുക്തമായി തന്നെ കല്ലാറ്റുപാറയെ സംരക്ഷിക്കണമെന്നാണ് പ്രദേശവാസികളും ആവശ്യപ്പെടുന്നത്.
STORY HIGHLIGHTS : kallattupura-waterfalls-idukki-hidden-spot