തിരുവനന്തപുരം: ഓണറേറിയം വർധനയും വിരമിക്കൽ ആനുകൂല്യവും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം നടത്തുന്ന ആശാ വർക്കേഴ്സിന് എതിരെ അധിക്ഷേപ പരാമർശം നടത്തിയ മന്ത്രി ആർ.ബിന്ദുവിനെതിരെ വ്യാപക വിമർശനം. ബിന്ദുവിന്റെ ഭർത്താവും സിപിഎം പിബി അംഗവുമായ എ.വിജയരാഘവൻ കഴിഞ്ഞ ദിവസം സമരത്തിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണു ബിന്ദുവിന്റെ അധിക്ഷേപം. സർക്കാർവിരുദ്ധർ യോജിക്കുന്ന മഴവിൽ സഖ്യമാണു സമരത്തിനു പിന്നിലെന്ന ആരോപണമാണു സിപിഎം നിരന്തരം ഉന്നയിക്കുന്നത്. അതേ ആരോപണം ബിന്ദുവും ആവർത്തിച്ചു.
മന്ത്രിയുടെ പരാമർശത്തിനെതിരെ നിരാഹാരസമരം അനുഷ്ഠിക്കുന്ന കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു രംഗത്തെത്തി. തങ്ങളുടെ നട്ടെല്ലിന് അൽപം ക്ഷീണം ഉണ്ടെങ്കിൽ സംസ്ഥാന സർക്കാർ ആദ്യം പോയി കേന്ദ്രത്തോട് ആവശ്യം പറയട്ടെ എന്ന് അവർ പറഞ്ഞു. സർക്കാർ ചെയ്യേണ്ടത് ആദ്യം ചെയ്തു കാണിക്കണമെന്നും അവർ പറഞ്ഞു. ‘മണിമുറ്റത്താവണിപ്പന്തൽ’ പരാമർശത്തിനു മറുപടിയായി, മുഖ്യമന്ത്രിയോ ബിന്ദുമന്ത്രിയോ വന്നാൽ ഞങ്ങൾ ‘തുള്ളിത്തുള്ളി നടക്കുന്ന കള്ളിപ്പെണ്ണേ…’ പാടിക്കൊടുക്കുമായിരുന്നല്ലോ എന്നാണ് ആശാ പ്രവർത്തകർ പ്രതികരിച്ചത്. നട്ടെല്ലുള്ളതു കൊണ്ടാണു 41 ദിവസമായി സമരം ചെയ്യുന്നതെന്ന് അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.പി.റോസമ്മ പറഞ്ഞു. സമരം ചെയ്യുന്ന ആശമാരെ വനിതാ മന്ത്രിമാർ പോലും പരിഹസിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി.