തിരുവനന്തപുരം: ആശാ സമരവേദിയിൽ നാളെ കൂട്ടഉപവാസം നടത്തുമെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. 41 ദിവസം പിന്നിടുന്ന ആശാ വർക്കർമാരുടെ രാപകൽ സമരവേദിയിൽ നിരാഹാര സമരം ആരംഭിച്ചിട്ട് ഇന്നലെ 3 ദിവസം പിന്നിട്ടു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു, ആശാ വർക്കർമാരായ എം.ശോഭ, കെ.പി.തങ്കമണി എന്നിവരാണു നിരാഹാരം തുടരുന്നത്. നിരാഹാര സമരത്തിന്റെ അഞ്ചാം ദിവസമാണു കൂട്ട ഉപവാസം.
പരമാവധി ആശാവർക്കർമാർ അനിശ്ചിതകാല നിരാഹാര സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് തിങ്കളാഴ്ച സമരപ്പന്തലിൽ ഉപവസിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. എത്തിച്ചേരാൻ കഴിയാത്തവർ പ്രാദേശികതലത്തിൽ പ്രത്യേക കേന്ദ്രങ്ങളിലോ ജോലിചെയ്യുന്ന സെന്ററുകളിലോ ഉപവാസ സമരം നടത്തും. നിരാഹാര സമരത്തിനു പിന്തുണ പ്രഖ്യാപിച്ച വിവിധ സംഘടനകളുടെ പ്രതിനിധികളും നാളെ സമരവേദിയിൽ എത്തും.
ഇന്നലെ സമരവേദിയിൽ എത്തിയ നാലാഞ്ചിറ സർവോദയ സെൻട്രൽ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി അർണവ് തനിക്കു മെറിറ്റ് സ്കോളർഷിപ്പായി ലഭിച്ച തുക അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദന് കൈമാറി.