തിരുവനന്തപുരം: കേരളത്തിൽ ഇന്നും വേനൽ മഴയ്ക്ക് സാധ്യത. മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മറ്റ് 12 ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. പക്ഷേ പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല.
ഇന്നലെ പെയ്ത വേനൽ മഴ തൃശൂരിൽ പത മഴയായി മാറി. ചാറ്റൽ മഴക്കൊപ്പം പാറിപ്പറന്ന് പതയും പെയ്യുകയായിരുന്നു. പ്രധാനമായും തൃശൂർ വെങ്ങിണിശ്ശേരി മേഖലകളിലാണ് പതമഴ പെയ്തത്. ജനങ്ങൾ പരിഭ്രാന്തരായതോടെ ആശങ്ക വേണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. വേനൽ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് പത മഴയെന്നാണ് കാലാവസ്ഥ വിദഗ്ധർ അഭിപ്രായപ്പെട്ടത്. മലിനീകരണം കൂടുതൽ ഉള്ള ചില സ്ഥലങ്ങളിൽ അന്തരീക്ഷത്തിലെ രാസ അവശിഷ്ടങ്ങൾ മഴവെള്ളവുമായി ചേർന്ന് പതയായി മാറാം. തീര പ്രദേശങ്ങളിൽ കടൽ ആൽഗകൾക്ക് നുര സൃഷ്ടിക്കുന്ന ജൈവ സംയുക്തങ്ങൾ പുറത്തുവിടാൻ കഴിയും. ഈ സംയുക്തങ്ങൾ വായുവിൽ എത്തി മഴ പെയ്യുമ്പോൾ പതയായി മാറാം. ജലാശയങ്ങളിലെയോ മണ്ണിലെയോ ചില സൂക്ഷ്മ ജീവികളും പതയുണ്ടാകാൻ കാരണമാകാം. ഇതിൽ ഏതാണ് തൃശൂരിൽ സംഭവിച്ചത് എന്നറിയാൻ വിശദ പഠനം വേണം.