നാഗ്പൂർ: നാഗ്പൂരിൽ വർഗീയ സംഘർഷത്തിനിടെ പരിക്കേറ്റയാൾ മരിച്ചു. മാർച്ച് 17-ന് നടന്ന അക്രമത്തിലാണ് 40കാരനായ വെൽഡർ ഇർഫാൻ അൻസാരിക്ക് പരിക്കേറ്റത്. തുടർന്ന് ചികിത്സയിലായിരുന്നു. ഇറ്റാർസിയിലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. അതേസമയം, സംഘർഷത്തിന് പിന്നാലെ ഏർപ്പെടുത്തിയ കർഫ്യൂ ചില ഭാഗങ്ങളിൽ ഇളവ് വരുത്തി. നന്ദൻവാൻ, കപിൽനഗർ പ്രദേശങ്ങളിലെ കർഫ്യൂ പിൻവലിച്ചു. പഞ്ച്പാവലി, ശാന്തിനഗർ, ലകദ്ഗഞ്ച്, സോൺ 4 ലെ സക്കർദാര, ഇമാംവാര എന്നിവിടങ്ങളിൽ കർഫ്യൂ പിൻവലിക്കാനും എസ്പി ഉത്തരവിട്ടു.
കോട്‌വാലി, തഹസിൽ, ഗണേഷ്‌പേത്ത് പ്രദേശങ്ങളിൽ കർഫ്യൂ പിൻവലിച്ചിട്ടില്ല. അവശ്യ സേവനങ്ങൾ, സർക്കാർ ജീവനക്കാർ, പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ എന്നിവരെ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, നാഗ്പൂരിലെ ആക്രമങ്ങളില്‍ പൊതുസ്വത്ത് നശിപ്പിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു. ചെലവ് നല്‍കിയില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും വേണ്ടിവന്നാല്‍ ബുള്‍ഡോസര്‍ നടപടിയെടുക്കുമെന്നും ഫഡ്നവിസ് മുന്നറിയിപ്പ് നല്‍കി.
content highlight : man-injured-in-nagpur-clashes-dies