World

ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം: ഹമാസിന്റെ ഉന്നത നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ് അൽ ബർദാവീലും ഭാര്യയുമാണ് കൊല്ലപ്പെട്ടത്.

ഗാസ: ഇസ്രായേൽ ആക്രമണത്തിൽ ഹമാസിന്റെ ഉന്നത നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ് അൽ ബർദാവീലും ഭാര്യയുമാണ് കൊല്ലപ്പെട്ടത്. തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിൽ ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്.  ഇരുവരും പ്രാർഥിച്ചു കൊണ്ടിരിക്കെയായിരുന്നു ആക്രമണം. അതേസമയം, റിപ്പോർട്ടിനോട്  ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.

എന്നാൽ മരണം ഹമാസ് സ്ഥിരീകരിച്ചു. സലാഹിന്റെയും ഭാര്യയുടെയുമടക്കമുള്ള രക്തസാക്ഷികളുടെയും രക്തം വിമോചനത്തിനും സ്വാതന്ത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ ഇന്ധനമാകുമെന്നും ശത്രുവിന് നമ്മുടെ നിശ്ചയദാർഢ്യത്തെ തകർക്കാനാവില്ലെന്നും ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, ​ഗാസയിലെ നിയന്ത്രണം വിട്ടൊഴിയണമെന്ന് ഹമാസിനോട് പലസ്തീൻ അതോറിറ്റി പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന്‍റെ നേതൃത്വത്തിലുള്ള ഫത്താ മൂവ്മെന്‍റ് ആവശ്യപ്പെട്ടു. 2007 മുതൽ ആണ് ഹമാസ് ഗാസയിൽ നിയന്ത്രണം പിടിച്ചത്. യുദ്ധം തുടരുന്നത് പലസ്തീനികളുടെ  നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നാണ് ഫത്താ മൂവ്മെന്‍റിന്‍റെ മുന്നറിയിപ്പ്. ഹമാസ് ഗാസയിലെ കുട്ടികളോടും സ്ത്രീകളോടും പുരുഷന്മാരോടും അനുകമ്പ കാണിക്കണമെന്നും ഫത്താ വക്താവ് ആവശ്യപ്പെട്ടു.

content highlight : israeli-airstrike-in-gaza-senior-hamas-leader-and-his-wife-killed