Kerala

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിന്റെ മാസ്സ് എൻട്രി; ഔദ്യോഗിക പ്രഖ്യാപനം നാളെ

ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ പ്രഖ്യാപനം പാര്‍ട്ടി ഘടകത്തിലെ അഭിപ്രായ ഭിന്നതകള്‍ കൊണ്ടു കൂടിയാണ് ഇത്രയും നീണ്ടത്.

തിരുവനന്തപുരം: പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകള്‍ക്ക് പുറമെ കൂടുതല്‍ വിഭാഗങ്ങളിലേക്ക് എത്താനാകുമോയെന്ന പരീക്ഷണമാണ് രാജീവ് ചന്ദ്രശേഖറിലൂടെ ബിജെപി കേന്ദ്ര നേതൃത്വം നടത്തുന്നത്. സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ഒറ്റപേരിലേക്ക് എത്താനാവാത്ത സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്ര നേതാക്കളുടെ തീരുമാനം നിര്‍ണ്ണായകമായത്. ക്രൈസ്തവ സഭ നേതാക്കളുമായുള്ള അടുത്ത ബന്ധവും രാജീവ് ചന്ദ്രശേഖറെ പരിഗണിക്കുന്നതിന് കാരണമായി.ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ പ്രഖ്യാപനം പാര്‍ട്ടി ഘടകത്തിലെ അഭിപ്രായ ഭിന്നതകള്‍ കൊണ്ടു കൂടിയാണ് ഇത്രയും നീണ്ടത്. ഒറ്റപേരിലേക്ക് സംസ്ഥാന ഘടകം എത്താനാണ് കേന്ദ്ര നേതൃത്വം ആദ്യ നിര്‍ദ്ദേശം നല്‍കിയത്. കെ സുരേന്ദ്രന്‍ തുടരണമെന്ന നിലപാട് ഒരു വിഭാഗം ശക്തമായി ഉന്നയിച്ചു. ശോഭ സുരേന്ദ്രന്‍റെ പേരാണ് സുരേന്ദ്രന്‍ വിരുദ്ധ പക്ഷം മുന്നോട്ട് വെച്ചത്. സുരേഷ് ഗോപിയുടേതടക്കം പിന്തുണ തുടക്കത്തില്‍ ശോഭ സുരേന്ദ്രനുണ്ടായിരുന്നു.

എന്നാല്‍ പാര്‍ട്ടിയിലേക്ക് കൂടുതല്‍ വിഭാഗങ്ങളെ എത്തിക്കാനുള്ള ശ്രമം വേണമെന്ന് യുവനേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ബിഡിജെഎസിനും രാജീവ് ചന്ദ്രശേഖറിനോടായിരുന്നു താല്‍പര്യം. തമിഴ്നാട്ടില്‍ അണ്ണാമലൈയെ അധ്യക്ഷനാക്കിയത് പോലെ മധ്യവര്‍ഗത്തിന്‍റെ പിന്തുണ രാജീവ് ചന്ദ്രശേഖറിലൂടെ കൂട്ടാമെന്ന പ്രതീക്ഷയാണ് നേതൃത്വത്തിനുള്ളത്.

കേരളത്തിലെ പല ക്രൈസ്തവ നേതാക്കളുമായി അടുത്ത ബന്ധം രാജീവ് ചന്ദ്രശേഖറിനുണ്ട്. സഭ നേതാക്കളും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചകളിലും നരേന്ദ്രമോദി രാജീവ് ചന്ദ്രശേഖറെ  ഭാഗമാക്കിയിരുന്നു. അവസാന വട്ട ചര്‍ച്ചകളില്‍ ഇതും പരിഗണനാവിഷയമായി. പാര്‍ട്ടിയുടെ വോട്ട് വിഹിതം ഉയർത്തുകയും തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യാനുള്ള തന്ത്രങ്ങള്‍ക്കാവും ബിജെപി കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖറും മുന്‍നിര്‍ത്തി രൂപം നല്‍കുക. കേരളത്തിലെ സംഘടന സംവിധാനത്തില്‍ നരേന്ദ്രമോദിയുടെ നേരിട്ടുള്ള ഇടപെടലിന്‍റെ സൂചനകൂടിയാണ് രാജീവ് ചന്ദ്രശേഖറിന്‍റെ കടന്ന് വരവ് നല്‍കുന്നത്.

content highlight : rajeev-chandrasekhar-gets-a-new-mission-the-central-leadership

Latest News