കോഴിക്കോട്: കോഴിക്കോട് പൂവാട്ടുപറമ്പില്‍ കാറിൽ നിന്നും നാൽപ്പത് ലക്ഷം രൂപ കവർന്നെന്ന പരാതി വ്യാജം. ബന്ധു നൽകിയ പണം ചെലവായതിനെ തുടർന്ന് പരാതിക്കാരനുണ്ടാക്കിയ നാടകമാണ് മോഷണമെന്ന് തെളിഞ്ഞു. ആനക്കുഴിക്കര സ്വദേശി റഹീസും സുഹൃത്തുക്കളായ രണ്ട് പേരും പിടിയിലായി.
സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ട കാറിൽ നിന്നും നാല്‍പത് ലക്ഷത്തി ഇരുപത്തയ്യായിരം രൂപ കവർന്നെന്നായിരുന്നു പരാതി. കാറിന്റെ മുൻ സീറ്റിൽ ചാക്കിൽ പൊതിഞ്ഞുവച്ച പണം ചില്ല് തകർത്ത് എടുത്തെന്നാണ് റഹീസ് പൊലീസിനെ അറിയിച്ചത്. കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസിന് സിസിടിവി ദൃശ്യങ്ങൾ ആണ് നിർണ്ണായകമായത്. സിസിടിവിയിൽ പ്രതികളുടെ ശബ്ദവും പതിഞ്ഞിരുന്നു. ഇങ്ങനെ പണം കവർന്നവരെ ആദ്യം കണ്ടെത്തി. പിറകെ മോഷണ നാടകവും പൊളിഞ്ഞു.
90000 രൂപക്കാണ് സുഹൃത്തുക്കളായ സാജിദിനും ജംഷീറിനും മുഖ്യ പ്രതി ക്വട്ടേഷൻ നൽകിയത്. പണത്തിന് പകരം ചാക്കിൽ പേപ്പർ നിറച്ചായിരുന്നു നാടകം. ബൈക്കിന്റെ നമ്പറും മാറ്റിയിരുന്നു. ഭാര്യാ പിതാവ് ജോലി ചെയ്യുന്ന ബിസിനസ് സ്ഥാപനത്തിന്റെതാണ് ചെലവായ പണമെന്നാണ് മൊഴി. ഇക്കാര്യം പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കോഴിക്കോട് നഗരത്തിൽ വാഹന ബിസിനസ് നടത്തുന്നയാളാണ് മുഖ്യ പ്രതിയായ റഹീസ്.
content highlight : theft-from-car-incident-police-says-complaint-is-fake-twist