കോട്ടയം: മോട്ടർവാഹന വകുപ്പു നടത്തുന്ന ഡ്രൈവിങ് ടെസ്റ്റിൽ ആശങ്ക പ്രകടിപ്പിച്ചുള്ള പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചു. സംസ്ഥാനത്തെ റോഡപകടങ്ങൾ വിലയിരുത്തി, ഡ്രൈവിങ് ടെസ്റ്റ് നിയമാനുസൃതമാണോയെന്നു പരിശോധിച്ചാണു റിപ്പോർട്ട് തയാറാക്കിയത്. മോട്ടർവാഹന വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് 10 ഓഫിസുകളിൽ പരിശോധനയും നടത്തിയിരുന്നു. ആർടിഒ ഓഫിസുകൾക്ക് അനുബന്ധമായി 2012 മുതൽ തുടങ്ങിയ 9 ഓട്ടമാറ്റിക് ഡ്രൈവർ ടെസ്റ്റിങ് സ്റ്റേഷനുകളിൽ രണ്ടെണ്ണം മാത്രമാണു പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ടിലുണ്ട്. കണ്ണൂരിലും കോഴിക്കോട്ടും. കോടികൾ മുടക്കി ടെസ്റ്റിങ് സ്റ്റേഷൻ ആരംഭിച്ച സ്ഥലത്തും മാന്വൽ ടെസ്റ്റാണ് നടക്കുന്നത്.
മാന്വൽ ടെസ്റ്റിലെ ക്രമക്കേടുകൾ
- ഡ്രൈവിങ് ടെസ്റ്റിനു മുൻപു റോഡ് സുരക്ഷാ ക്ലാസ് നടത്തണമെന്നത് പത്തിൽ 8 ഓഫിസുകളിലും പാലിച്ചില്ല. ഡ്രൈവിങ് ടെസ്റ്റിനൊപ്പം പാർക്കിങ് ടെസ്റ്റും നടത്തണമെന്നാണു നിയമമെങ്കിലും പരിശോധന നടത്തിയ ഒരിടത്തും പാർക്കിങ് ട്രാക്ക് ഇല്ല. ഗ്രൗണ്ടിലെ ഡ്രൈവിങ് ടെസ്റ്റ് വിഡിയോയിൽ പകർത്തേണ്ടതാണെങ്കിലും ഒരിടത്തും ചെയ്തില്ല.
- ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ റജിസ്ട്രേഷനിൽ പ്രശ്നങ്ങളുണ്ട്. തൃശൂർ, ഗുരുവായൂർ, കൽപറ്റ എന്നിവിടങ്ങളിൽ 3 വാഹനങ്ങൾ റജിസ്ട്രേഷൻ പുതുക്കിയിരുന്നില്ല. കോട്ടയത്ത് 5 വാഹനങ്ങൾ 22 വർഷ കാലാവധി കഴിഞ്ഞതായിരുന്നു.
- ടെസ്റ്റിങ് ഗ്രൗണ്ടിൽ അത്യാവശ്യ സൗകര്യങ്ങൾ ഇല്ല. 960 രൂപ സർവീസ് ചാർജ് ഉൾപ്പെടെ വാങ്ങിയിട്ടും കുടിവെള്ളം, ശുചിമുറി, കാത്തിരിപ്പു മുറി, മഴ നനയാതെ വരി നിൽക്കാനുള്ള സൗകര്യം എന്നിവയിലൊന്നുപോലും 8 സ്ഥലങ്ങളിലില്ല.