കയ്റോ: ഹൂതികൾ ഇന്നലെ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം ചെറുത്തതായി ഇസ്രയേൽ അറിയിച്ചു. ഇന്നലെ രാവിലെ മധ്യ ഇസ്രയേലിൽ ഉടനീളം മിസൈൽ മുന്നറിയിപ്പു സൈറൺ മുഴങ്ങി. അതിർത്തി കടന്നു പ്രവേശിക്കുംമുൻപ് ഇസ്രയേൽ സൈന്യം മിസൈലുകൾ തകർത്തു. യുഎസ്‌എസ് ഹാരി ട്രൂമാൻ അടക്കം അമേരിക്കൻ യുദ്ധക്കപ്പലുകൾക്കു നേരെയും ഹൂതികൾ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. യെമനിൽ യുഎസ് വ്യോമാക്രമണം തുടരുകയാണ്. ഗാസയിലെ വെടിനിർത്തൽ നടപടിയുമായി ഹമാസ് സഹകരിക്കാത്തതു മൂലമാണ് ഇപ്പോൾ ഇസ്രയേൽ ആക്രമണം പുനരാരംഭിച്ച സ്ഥിതിയുണ്ടായതെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് കുറ്റപ്പെടുത്തി.
















