Sports

ഐപിഎൽ 2025; അടുപ്പിച്ച് മൂന്ന് വിക്കറ്റുനേടി അരങ്ങേറ്റത്തില്‍ ഞെട്ടിച്ച മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ ആരാണ്? | IPL 2025

രോഹിത് ശര്‍മയ്ക്ക് പകരക്കാരനായി ഇറങ്ങിയ വിഘ്‌നേഷ് മുംബൈയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ ഗെയ്ക്വാദിന്റെയും ശിവം ദുബെയുടെയും അടക്കം അടുപ്പിച്ച് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ മലയാളി താരമായ വിഘ്‌നേഷ് പുത്തൂര്‍.

രോഹിത് ശര്‍മയ്ക്ക് പകരക്കാരനായി ഇറങ്ങിയ വിഘ്‌നേഷ് മുംബൈയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. തന്റെ ആദ്യ ഓവറില്‍ തന്നെ, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനെ വീഴ്ത്തിയാണ് വിഘ്‌നേഷ് പുത്തൂര്‍ വരവറിയിച്ചത്. അടുത്തത് ശിവം ദുബെയുടെ വിക്കറ്റായിരുന്നു. വിഘ്‌നേഷിന്റെ പന്തില്‍ ലോംഗ് ഓണില്‍ തിലക് വര്‍മ്മ ക്യാച്ചെടുത്ത് ശിവം ദുബെ ഔട്ടായതോടെ ചെന്നൈ അക്ഷരാര്‍ഥത്തില്‍ ഞെട്ടി.

കേരളത്തിലെ മലപ്പുറത്തു നിന്നുള്ള 24 കാരനാണ് സ്പിന്നര്‍ വിഘ്‌നേഷ്. വിഘ്‌നേഷിനെ 30 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടാണ് മുംബൈ സ്വന്തമാക്കിയത്. ഈ യുവതാരം ഇതുവരെ സീനിയര്‍ ലെവലില്‍ കേരളത്തിനായി കളിച്ചിട്ടില്ല. പക്ഷേ വിഘ്‌നേഷ് അണ്ടര്‍-14, അണ്ടര്‍-19 ലെവലുകളില്‍ കളിച്ചിട്ടുണ്ട്. നിലവില്‍ കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനായി യുവതാരം കളിക്കുന്നു.തമിഴ്‌നാട് പ്രീമിയര്‍ ലീഗിലും ഈ യുവ സ്പിന്നര്‍ കളിച്ചിട്ടുണ്ട്.

ഓട്ടോറിക്ഷ ഡ്രൈവറുടെ മകനാണ് വിഘ്‌നേഷ്. ആദ്യം മീഡിയം പേസറായിരുന്ന വിഘ്‌നേഷിന്റെ ജീവിതത്തില്‍ വഴിത്തിരിവായത് പ്രാദേശിക ക്രിക്കറ്റ് താരം മുഹമ്മദ് ഷെരീഫിന്റെ ഉപദേശമാണ്. ലെഗ് സ്പിന്‍ പരീക്ഷിക്കാനുള്ള നിര്‍ദേശമാണ് വിഘ്‌നേഷിന്റെ ക്രിക്കറ്റ് ജീവിതത്തില്‍ വഴിത്തിരിവായത്. തൃശൂരിലേക്ക് താമസം മാറിയതോടെ അദ്ദേഹത്തിന്റെ കരിയറിന്റെ ഗതി മാറി. സെന്റ് തോമസ് കോളേജിനായി കേരള കോളജ് പ്രീമിയര്‍ ടി20 ലീഗില്‍ കളിക്കാന്‍ തുടങ്ങിയതോടെയാണ് വലിയ താരമായി മാറിയത്.

content highlight: IPL 2025