രജനികാന്ത് ആരാധകർ മാത്രമല്ല സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ജയിലർ 2. തെന്നിന്ത്യ മുഴുവൻ തരംഗമായിരുന്ന ജയിലറിന്റെ രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ അത് തിയേറ്ററുകൾക്ക് ആഘോഷമാകുമെന്ന് ഉറപ്പാണ്. സിനിമയുടെ ചിത്രീകരണം ഈ മാസം മുതൽ ആരംഭിച്ചിരുന്നു. ആദ്യ ഭാഗത്തിൽ രജനിക്കൊപ്പം മലയാളത്തിന്റെ സ്വന്തം മോഹൻലാലും ഒരു കാമിയോ വേഷത്തിൽ എത്തിയിരുന്നു. വലിയ സ്വീകരണമായിരുന്നു ആ റോളിന് ലഭിച്ചത്. മാത്യു എന്ന കഥാപാത്രം രണ്ടാം ഭാഗത്തിലും ഉണ്ടാകുമോ എന്ന ആരാധകരുടെ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ്. ഇപ്പോഴിതാ അതിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ മോഹൻലാൽ.
‘ജയിലർ 2 ഷൂട്ടിംഗ് തുടങ്ങിയിട്ടുണ്ട്. എന്നെ വിളിക്കുകയാണെങ്കിൽ തീർച്ചയായും ഞാൻ പോയി അഭിനയിക്കും. കൂടുതലൊന്നും എനിക്കറിയില്ല’, എന്നായിരുന്നു മോഹൻലാലിൻറെ പ്രതികരണം. ജയിലറിന് ശേഷം തമിഴിൽ നിന്ന് നിരവധി ഓഫറുകൾ വന്നെന്നും എന്നാൽ താൻ എമ്പുരാന്റെ ഷൂട്ടിംഗ് തിരക്കുകളിൽ ആയിരുന്നെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
ജയിലറിൽ രണ്ടാം പകുതിയിലും ക്ലൈമാക്സിലുമായിരുന്നു മോഹൻലാലിൻറെ മാത്യു പ്രത്യക്ഷപ്പെട്ടത്. വലിയ കൈയടികളോടെയായിരുന്നു മോഹൻലാൽ ആരാധകർ കഥാപാത്രത്തെ വരവേറ്റത്. രണ്ടാം ഭാഗത്തിൽ ബോളിവുഡിൽ നിന്നും ഒരു സൂപ്പർതാരം കൂടി സിനിമയിൽ അതിഥി വേഷത്തിൽ എത്തുമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. കേരള, തേനി, ഗോവ തുടങ്ങിയവയാണ് സിനിമയുടെ മറ്റു ലൊക്കേഷനുകൾ.
അനിരുദ്ധ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ജയിലറിൽ വിനായകൻ, രമ്യ കൃഷ്ണൻ, വസന്ത്, സുനിൽ, തമന്ന, വി ടി വി ഗണേഷ് എന്നിവർക്കൊപ്പം ജാക്കി ഷ്രോഫും അതിഥി വേഷത്തിൽ എത്തിയിരുന്നു. വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ വേഷത്തിന് മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രതികരണവും ലഭിച്ചിരുന്നു. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ആർ നിർമൽ ആയിരുന്നു. ജയിലർ സിനിമയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു.
content highlight: Mohanlal