World

കാനഡയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി; ഏപ്രിൽ 28ന് വോട്ടെടുപ്പ്

കാനഡയിൽ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. ഏപ്രിൽ 28 നാണ് തിരഞ്ഞെടുപ്പ് നടക്കുക. ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലാണ് പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. ഗവര്‍ണര്‍ ജനറല്‍ മേരി സൈമണുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

പാര്‍ലമെന്‍റ് പിരിച്ചുവിടാനുള്ള ആവശ്യവും ഗവർണർ അംഗീകരിച്ചു. യുഎസ് – കാനഡ വ്യാപാര യുദ്ധത്തിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.

കാനഡയെ യുഎസിനോട് കൂട്ടിച്ചേർക്കാനുള്ള ട്രംപിന്‍റെ നീക്കത്തോടും കാനഡക്കെതിരായ തീരുവ വർധനകളും വോട്ടുകളാക്കാനാണ് കാർണിയുടെ ശ്രമം. കടുത്ത ട്രംപ് വിരുദ്ധൻ കൂടിയായി കാർണിക്ക് ജനപിന്തുണ കൂടുതലാണെന്നാണ് സര്‍വേകളും പറയുന്നത്.

നെഗറ്റീവ് രാഷ്ട്രീയത്തിനെതിരെയും ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫുകൾക്കെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ച് കാർണി പ്രചാരണത്തിനും തുടക്കമിട്ടുക്കഴിഞ്ഞു.