Movie News

ഭ്രമയുഗം ടീമിനൊപ്പം പ്രണവ് മോഹൻലാൽ; രാഹുൽ സദാശിവൻ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചു | Pranav Mohanlal

ഭ്രമയുഗത്തിലെ അതേ ടീം തന്നെയാണ് ഈ സിനിമയ്ക്കായി വീണ്ടും ഒന്നിക്കുന്നത്

ഭൂതകാലം, ഭ്രമയുഗം എന്നീ സിനിമകളിലൂടെ പ്രേക്ഷകരെ ഭയപ്പെടുത്തി കയ്യിലെടുത്ത സംവിധായകനാണ് രാഹുൽ സദാശിവൻ. മമ്മൂട്ടി ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം പ്രണവ് മോഹൻലാലുമൊത്താണ് രാഹുലിന്റെ അടുത്ത സിനിമയെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഒഫീഷ്യൽ അന്നൗൺസ്‌മെന്റ് പുറത്തുവന്നിരിക്കുകയാണ്. പ്രണവ് മോഹൻലാലും രാഹുൽ സദാശിവനും ഒപ്പം സിനിമയുടെ നിർമാതാക്കളും ചേർന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്.

ഭ്രമയുഗത്തിലെ അതേ ടീം തന്നെയാണ് ഈ സിനിമയ്ക്കായി വീണ്ടും ഒന്നിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഇന്ന് മുതൽ കൊച്ചിയിൽ ആരംഭിക്കും. ഭ്രമയുഗത്തിന്റെ നിര്‍മാതാക്കളായ വൈ നോട്ട് സ്റ്റുഡിയോസും നെറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ഷെഹ്‌നാദ് ജലാൽ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുക ഷഫീക് മുഹമ്മദ് അലി ആണ്.

പ്രശസ്ത ആർട്ട് ഡയറക്റ്റർ ആയ ജ്യോതിഷ് ശങ്കർ ആണ് സിനിമയുടെ ആർട്ട് വർക്കുകൾ ഒരുക്കുന്നത്. ഹൊറര്‍ ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 40 ദിവസം നീണ്ടു നിൽക്കും. ക്രിസ്റ്റോ സേവിയർ ആണ് സിനിമയുടെ സംഗീതം സംവിധാനം നിർവഹിക്കുന്നത്. സിനിമയുടെ മറ്റു അഭിനേതാക്കളെപ്പറ്റിയുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തുവിട്ടിട്ടില്ല.