സംസ്ഥാന അധ്യക്ഷനായി ബിജെപി പ്രഖ്യാപിച്ച രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ചും ആശംസകൾ നേർന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷപദവി രാജീവ് ചന്ദ്രശേഖറിന് ഭാരിച്ച ഉത്തരവാദിത്തമാണെന്ന് താൻ കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിക്കും അമിത് ഷായ്ക്കും വേണ്ടി കേരളം മൊത്തം നമ്മൾ ഇങ്ങ് എടുക്കാൻ പോവുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. അധ്യക്ഷ പദവി രാജീവിന് ഭാരിച്ച ഉത്തരവാദിത്വം ആണെന്ന് പലരും പറയുന്നു. പക്ഷെ താൻ അങ്ങനെ കരുതുന്നില്ല. രാജീവ് ചന്ദ്രശേഖറിന്റെ മികവ് തനിക്ക് നന്നായി അറിയാം. വളരെ നിഷ്പ്രയാസം അദ്ദേഹത്തിന് സാധിച്ച് എടുക്കാവുന്ന ഉദ്യമം മാത്രമാണ് ഇത്. പല ഘട്ടങ്ങളിലും അത് നമ്മൾ കണ്ടതാണെന്നും സുരേഷ് ഗോപി പറഞ്ഞു.
ഈയടുത്ത് ഒരു സംസ്ഥാന സമ്മേളനത്തിൽ ബിജെപിയെ കുറിച്ച് ഒരു വിലയിരുത്തൽ നടന്നതായി കെ സുരേന്ദ്രൻ സൂചിപ്പിച്ചു. സൈദ്ധാന്തിക വ്യതിയാനം സംഭവിക്കാൻ പോകുന്നു എന്ന ഭയപ്പാടോടെ അവർ വിലയിരുത്തൽ നടത്തി. രാജീവ് ചന്ദ്രശേഖറിന് സുരേന്ദ്രൻ ബാറ്റൺ കൈമാറിയ നിമിഷം സൈദ്ധാന്തിക വിപ്ലവത്തിലേയ്ക്ക് വളർന്നു. ഇത് അവർ മനസ്സിലാക്കി പ്രതിപ്രവർത്തനം നടത്തിയാൽ മാത്രമേ നമുക്ക് വെല്ലുവിളിയുള്ളൂ.- സുരേഷ് ഗോപി പറഞ്ഞു.