വനിതകള്‍ക്കുള്ള ചലഞ്ചര്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിനുള്ള ടീമുകളില്‍ സ്ഥാനം പിടിച്ച് മൂന്ന് കേരള താരങ്ങള്‍. മിന്നു മണി, ജോഷിത വി ജെ, അരുന്ധതി റെഡ്ഡി എന്നിവരാണ് ടീമുകളില്‍ സ്ഥാനം നേടിയത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച താരങ്ങളെ എ,ബി,സി,ഡി എന്നീ നാല് ടീമുകളായി തിരിച്ചുള്ള ടൂര്‍ണ്ണമെന്റില്‍ ദേശീയ സീനിയര്‍ ടീമിലെ താരങ്ങളും ഉണ്ട്. ഇതില്‍ എ ടീമിന്റെ ക്യാപ്റ്റന്‍ മിന്നു മണിയും വൈസ് ക്യാപ്റ്റന്‍ അരുന്ധതി റെഡ്ഡിയുമാണ്. സി ടീമിലാണ് ജോഷിതയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ എട്ട് വരെ രണ്ട് വേദികളിലായി ഡെറാഡൂണിലാണ് മല്‌സരങ്ങള്‍ നടക്കുക. ത്രിദിന ഫോര്‍മാറ്റിലാണ് മല്‌സരങ്ങള്‍. ഇന്ത്യയുടെ സീനിയര്‍ ഏകദിന , ട്വന്റി 20 ടീമുകളില്‍ സ്ഥിര സാന്നിധ്യമായ മിന്നു മണി വനിതാ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമംഗം കൂടിയാണ്. അടുത്തിടെ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമംഗമായിരുന്ന ജോഷിത ഒരു മല്‌സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വനിതാ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമംഗമാണ്. ഇരുവരും വയനാട് സ്വദേശികളാണ്. കേരളത്തിനായി കളിച്ചിട്ടുള്ള അരുന്ധതി റെഡ്ഡി ഇന്ത്യയുടെ വനിതാ ടെസ്റ്റ്, ഏകദിന, ട്വന്റി 20 ടീമുകളില്‍ സ്ഥാനം പിടിച്ചിട്ടുള്ള താരമാണ്.
CONTENT HIGH LIGHTS; Challenger Trophy: Three Kerala players make it to the teams