തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സമരത്തോടെ സംസ്ഥാന സര്‍ക്കാര്‍ അനുഭാവം കാണിക്കണമെന്നും അവരുടെ പ്രശ്നം വേഗത്തിൽ പരിഹരിക്കാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ആശമാര്‍ക്ക് കുറഞ്ഞ പണമാണ് നൽകേണ്ടത്. അവരുടെ ആവശ്യങ്ങളിൽ സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ നടപടിയെടുത്ത് പ്രശ്നം അടിയന്തരമായി പരിഹരിക്കുകയാണ് വേണ്ടതെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
അവര്‍ക്ക് നൽകാനുള്ളത് വലിയ കോടികളൊന്നുമല്ല. കുറഞ്ഞ തുകയാണ് നൽകേണ്ടത്. അത് സംസ്ഥാനത്തിന് നൽകി ഇപ്പോഴത്തെ പ്രശ്നം തീര്‍ക്കാം. കേന്ദ്രം തന്നില്ലെന്ന് പറഞ്ഞ് അവര്‍ക്ക് പണം നൽകാതെയിരിക്കുകയല്ല വേണ്ടത്. ആശമാര്‍ ജോലി ചെയ്യുന്നത് സംസ്ഥാനത്തിനുവേണ്ടിയാണ്. അതിനാൽ തന്നെ അവരുടെ പ്രഥമ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്.
കേന്ദ്രവുമായി തര്‍ക്കമുണ്ടെങ്കിൽ അത് പിന്നീട് തീര്‍ക്കാവുന്ന കാര്യമാണ്. ആദ്യം കേരളം കൈയിൽ നിന്ന് പണം എടുത്ത് നൽകണം. അങ്ങനെ ഇപ്പോഴത്തെ പ്രശ്നം പരിഹരിച്ചാൽ കേന്ദ്ര മന്ത്രി ജെപി നഡ്ഡയുമായി ചര്‍ച്ച നടത്താൻ താൻ തയ്യാറാണെന്നും കേന്ദ്രത്തിൽ നിന്ന് കൂടുതൽ തുക ലഭ്യമാക്കുന്നതിന് ചര്‍ച്ചകള്‍ നടത്താനാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എന്താണ് അവരുടെ ആവശ്യം അത് പരിഗണിച്ച് സംസ്ഥാനം പണം നൽകണം. അതിനുശേഷം അത് കേന്ദ്രവുമായി സംസാരിച്ച് ക്ലെയിം ചെയ്യാനാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കേന്ദ്ര ഫണ്ടുകള്‍ നൽകുന്നതിന് മാനദണ്ഡങ്ങളുണ്ട്. ദില്ലിയിൽ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പണം പ്രിന്‍റ് ചെയ്തിറക്കുകയല്ല. മാനദണ്ഡങ്ങള്‍ പാലിക്കാതെ കേന്ദ്രത്തെ പഴിക്കുകയാണ് കേരളം. തമിഴ്നാട്ടിൽ വലിയ വലിയ നിക്ഷേപം വരുന്നുണ്ട്. അതൊന്നും കേരളം കാണുന്നില്ലേ? ഡിലിമിറ്റേഷന്‍റെ പേരിൽ കേക്കും കഴിച്ചു വരുക മാത്രമല്ലെ ചെയ്തത്? കേരളത്തിൽ ഒറ്റക്കെട്ടായി ബിജെപി മുന്നോട്ടുപോകും. തന്‍റെ പേരിൽ ഗ്രൂപ്പ് ഉണ്ടാക്കില്ലെന്നും ബിജെപി ഒരു ശക്തിയായി വളര്‍ന്നുവരുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
content highlight : bjp-state-president-rajeev-chandrasekhar-on-asha-workers-hunger-strike