കൊച്ചി: കൊതുക് നിയന്ത്രണത്തിന് ബജറ്റിൽ വൻ തുക വകയിരുത്തി കൊച്ചി കോർപറേഷൻ. 12 കോടി രൂപയാണ് കോർപറേഷൻ കൊതുക് നിയന്ത്രണത്തിനായി മാറ്റിവെച്ചത്. 2025-26 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് പ്രഖ്യാപനം. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കൊതുക് ശല്യവും അനുബന്ധ രോഗങ്ങളും ഉയരുന്നതിനിടെയാണ് കൊച്ചി കോർപറേഷൻ്റെ ഇടപെടൽ.
എറണാകുളം ജില്ലയിൽ, പ്രത്യേകിച്ച് കൊച്ചി നഗരത്തിൽ ക്യൂലക്സ് കൊതുകുകളുടെ സാന്ദ്രത ഉയർന്നതായി ഡിസംബറിൽ ആരോഗ്യവകുപ്പ് രേഖകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. മണിക്കൂറിൽ 50 മുതൽ 70 വരെയാണ് കൊച്ചി നഗരത്തിലെ ക്യൂലക്സ് കൊതുകുകളുടെ സാന്ദ്രത. 10ന് മുകളിൽ മാൻ അവർ ഡെൻസിറ്റി (എംഎച്ച്ഡി) എത്തുന്നത് ആശങ്കാജനകമാണെന്നാണ് റിപ്പോർട്ട്. ഒക്ടോബർ – നവംബർ കാലയളവിൽ ഇത് 40 എംഎച്ച്ഡിക്കും താഴെയായിരുന്നു.
മഴ കുറഞ്ഞതും ഈർപ്പം കൂടിയതും മൂലം ഈ വർഷം ആദ്യം 83 എംഎച്ച്ഡിയിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് ആരോഗ്യവൃത്തങ്ങൾ പ്രവചിച്ചിരുന്നു. കൊച്ചിയിലെ അന്തരീക്ഷ താപനില ഏകദേശം 30 ഡിഗ്രി സെൽഷ്യസായി തുടരുന്നത് ക്യൂലക്സ് കൊതുകുകളുടെ പ്രജനനത്തിന് ഗുണമാകുമെന്നാണ് റിപ്പോർട്ട്. പകൽ സമയം ഇരുട്ട് മുറികളിലും ഇരുണ്ട വസ്ത്രങ്ങളിലും തമ്പടിക്കുന്ന കൊതുകുകൾ രാത്രി എട്ടുമണിക്ക് ശേഷമാണ് ശല്യക്കാരാകുന്നത്. ആഗോളതലത്തിൽ ഇത്തരത്തിലുള്ള കൊതുകുകളാണ് വൈറസ് വ്യാപനത്തിന് ഇടയാക്കുന്നതെന്നാണ് റിപ്പോർട്ട്. ജാപ്പനീസ് എൻസെഫലൈറ്റിസ്, മന്ത്, വെസ്റ്റ് നൈൽ വൈറസ് തുടങ്ങിയ രോഗങ്ങളുടെ പടർത്തുന്നത് ഇത്തരം കൊതുകുകളാണ്.
തുറന്ന ഓടകൾ, മാലിന്യക്കുഴികൾ, സെപ്റ്റിക് ടാങ്കുകൾ എന്നിവിടങ്ങളാണ് ക്യൂലക്സ് കൊതുകുകളുടെ പ്രജനന കേന്ദ്രം. കൊതുകുകളുടെ പ്രജനനം തടയാനായി ഇവ പൂർണമായും അടയ്ക്കണമെന്നാണ് അധികൃതരുടെ നിർദേശം. കൂടാതെ, കൊതുകുകൾ മുറികളിലേക്ക് പ്രവേശിക്കുന്ന വെൻ്റിലേഷനുകൾ പഴുതില്ലാതെ അടയ്ക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ അവസാനം വരെ എറണാകുളം ജില്ലയിൽ 12000ത്തോളം ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നാണ് ദ ഹിന്ദുവിൻ്റെ റിപ്പോർട്ട്. ഇതിൽ 4300 കേസുകളും സ്ഥിരീകരിച്ചവയാണ്. 10 മാസത്തിനിടെ 18 മരണങ്ങളും ഉണ്ടായി. നേരത്തെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് ഫോഗിങ് മെഷീനുകളോട് കൂടിയ 10 ഇലക്ട്രിക് ഓട്ടോറിക്ഷകൾ കൊച്ചി കോർപറേഷേൻ വാങ്ങിയിരുന്നു. കോർപറേഷന് കീഴിലുള്ള 11 ഹെൽത്ത് സർക്കിളുകളിൽ രണ്ട് ഓട്ടോറിക്ഷ വീതം വിന്യസിച്ച് ആഴ്ചയിൽ ഫോഗിങ് നടത്താൻ അധികൃതർ തീരുമാനിച്ചിരുന്നു.
content highlight : kochi-corporation-allocates-12-crore-rupees-in-budget-for-mosquito-control