ആർത്തുല്ലസിക്കുന്ന കടൽത്തിരകളുടെ സംഗീതത്തിന് പല്ലവഗീതത്തിന്റെ ഈണമുണ്ടായിരുന്നു. ഈ ഈണങ്ങളുടെ തോരാമഴയിൽ നനഞ്ഞ് മഹാബലിപുരം, ഒരു മഹാകാവ്യം പോലെ… ശിലകളിൽ വിസ്മയനിർമ്മിതികൾ തീർത്ത ആ ശില്പികൾ മഹാകവികളേക്കാൾ ഉയരത്തിലാകുമ്പോൾ, ശില്പങ്ങളോരോന്നും വിസ്മയകാവ്യങ്ങളാകുന്നു. ചെന്നൈ നഗരത്തിനു തെക്ക്, 60 കീ.മീറ്റർ അകലെ ബംഗാൾ ഉൾക്കടലിനു സമീപമാണ് മഹാബലിപുരം. പുരാതന തുറമുഖ പട്ടണമായ മാമല്ലപുരമാണ് മഹബലിപുരമായി മാറിയത്. പല്ലവ രാജവംശത്തിന്റെ ശില്പകലാ നൈപുണ്യത്തിലൂടെയാണ് മഹാബലിപുരം ലോകഖ്യാതി നേടുന്നത്.എ.ഡി 275 മുതൽ 897 വരെയാണ് പല്ലവ രാജവംശത്തിന്റെ കാലഘട്ടം.
പല്ലവ രാജവംശത്തിന്റെ ഉല്പത്തിയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നതായി ചരിത്രരേഖകളിൽ കാണാം. ഈ കാലഘട്ടത്തിൽ ദക്ഷിണേന്ത്യ ഭരിച്ചിരുന്ന പ്രബല സാമ്രാജ്യ ശക്തികളായിരുന്നു ഇവർ. സംഗീതം, ചിത്രകല, സാഹിത്യം തുടങ്ങിയവയുടെ പ്രാധാന്യം മനസിലാക്കി, അവ പ്രോത്സാഹിപ്പിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്നു, പല്ലവ രാജവംശത്തിലെ മിക്ക ഭരണാധികാരികളും.
എ.ഡി 600 മുതൽ 630 വരെ ഭരിച്ചിരുന്ന മഹേന്ദ്ര വർമ്മൻ- ഒന്നാമന്റെ ഭരണത്തിനു കീഴിൽ പല്ലവ രാജവംശംപ്രതാപത്തിന്റെയും പ്രൗഢിയുടെയും ഔന്നത്യത്തിലേക്ക് ഉയർന്നുവന്നു. മഹേന്ദ്രവർമ്മന്റെ ജനനം ജൈന മതത്തിലാണെങ്കിലും, ശിവ ഭഗവാനോടുള്ള ആരാധനമൂലം അദ്ദേഹം ഹിന്ദുമതം സ്വീകരിക്കുകയായിരുന്നു. മഹേന്ദ്രവർമ്മനെ പിന്തുടർന്ന് ഭരണമേറ്റ പുത്രൻ നരസിംഹവർമ്മൻ- ഒന്നാമന്റെ ഭരണകാലഘട്ടം (എ.ഡി.630 മുതൽ 668 വരെ) പല്ലവ രാജാവംശത്തിന്റെ സുവർണ്ണ കാലഘട്ടമായി വിശേഷിപ്പിക്കപ്പെടുന്നു.
STORY HIGHLIGHTS : Pallava songs carved into rock; The wonder of Mahabalipuram